
ദോഹ: സാമൂഹ്യ ധ്രുവീകരണം നടത്തി അധികാരത്തില്‍ തുടരാനുള്ള രാഷ്ട്രീയ തന്ത്രത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) ഖത്തര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമൂഹിക ഐക്യവും സൗഹാര്‍ദവും സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഉറച്ച നിലപാടിന്റെ പ്രതിഫലനമാണ് കേരള നിയമസഭ തെരെഞ്ഞടുപ്പ് ഫലം. സമൂഹത്തെ ജാതി- മത അടിസ്ഥാനത്തില്‍ വിഭജിച്ച് അധികാര തുടര്‍ച്ച ഉറപ്പാക്കാനുള്ള കുടില തന്ത്രത്തെയാണ് കേരള ജനത തള്ളിക്കളഞ്ഞിരിക്കുന്നത്.

സമുദായങ്ങളെയും സാമുദായിക സംഘടനകളെയും അന്യവത്ക്കരിച്ചും വര്‍ഗീയ വാദികളാക്കിയും ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ വിഭജന ശ്രമങ്ങള്‍ കേരളത്തിന്റെ മതേതര സൗന്ദര്യത്തിനേല്‍പിച്ച പരിക്ക് ചെറുതല്ല. സാമുദായിക സൗഹൃദത്തെ തകര്‍ക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തികളും ഉണ്ടായപ്പോള്‍ കുറ്റകരമായ മൗനമായിരുന്നു ഭരണം കൈകാര്യം ചെയ്യുന്നവര്‍ പാലിച്ചിരുന്നത്. കേരള നിയമ സഭയില്‍ ഫാഷിസ്റ്റ് പാര്‍ട്ടിക്ക് വീണ്ടും അക്കൗണ്ട് തുറക്കാനായതിന് ആ മൗനങ്ങള്‍ക്കും വലിയ പങ്കുണ്ട്.
മികച്ച വിജയം നേടിയ യു ഡി എഫ് നേതൃത്വത്തെയും നിയുക്ത സര്‍ക്കാരിനും ആശംസകള്‍ നേരുന്നു. ജനങ്ങള്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവോടെ പ്രകടനപത്രികയിലെ ഓരോ വാഗ്ദാനവും പരമാവധി നടപ്പിലാക്കാന്‍ ശ്രദ്ധിച്ചും കേരളീയ സാമൂഹികതയെ ഐക്യത്തോടെ ചേര്‍ത്തുനിര്‍ത്തിയും മുന്നോട്ട് പോകാന്‍ പുതിയ ഭരണകൂടത്തിനും അതിലെ പാര്‍ട്ടികള്‍ക്കും കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.
ഇടതുപക്ഷ മുന്നണി, പ്രത്യേകിച്ച് സി പി എം നേതൃത്വം, ഈ ജനവിധിയെ ആത്മപരിശോധനക്കുള്ള അവസരമായി കാണുകയും ജനങ്ങള്‍ നല്‍കിയ സന്ദേശം ഗൗരവത്തോടെ ഉള്‍ക്കൊണ്ട് തിരുത്തലിന്റെയും നവീകരണത്തിന്റെയും വഴി സ്വീകരിക്കുകയും ചെയ്യണം. ശരിയായ ഇടതുപക്ഷം കൂടിയുള്ള കേരളമാണ് ഫാസിസത്തെ ചെറുത്ത് തോല്പിക്കുന്നതിനും സാമൂഹിക ഐക്യത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും കേരള മോഡലിനെ ശക്തിയില്‍ നിലനിര്‍ത്തുന്നതിനും സഹായകമാകുക എന്ന് സി ഐ സി കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു.

