

ദുബൈ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പോരാട്ടവീര്യം പകരാന്‍ നിലമ്പൂര്‍ ഗ്ലോബല്‍ കെ എം സി സി വിവിധ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കി. ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായി ബാപ്പുട്ടിക്കൊരു വോട്ട് പ്രവാസി പ്രചരണ കാമ്പയിന്റെ ഭാഗമായി വിവിധ ജി സി സി രാജ്യങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടക്കും.

കഴിഞ്ഞ ദിവസം ഗ്ലോബല്‍ കെ എം സി സി കോഡിനേറ്റര്‍ അബ്ദുല്‍ സലാം പരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ദുര്‍ഭരണത്തിനെതിയുള്ള വിധിയെഴുത്താകും ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ദുബൈ മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡണ്ട് സിദ്ദിഖ് കാലടി, ഒമാന്‍ കെ എം സി സി നേതാവ് റഫീഖ് കൊടുവള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നാട്ടില്‍ നിന്നും ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് ദുബായ് മലപ്പുറം ജില്ലാ കെ എം സി സി സെക്രട്ടറി നാസര്‍ എടപ്പറ്റ സംസാരിച്ചു.
നാട്ടിലുളള മുഴുവന്‍ കെ എം സി സി അംഗങ്ങളെയും യു ഡി എഫ് നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പ്രവാസി ഫാമിലി കണ്‍വെന്‍ഷന്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. കൂടാതെ വിവിധ ജി സി സി രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ നൂറു കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള യു ഡി എഫ് പ്രവാസി പ്രചരണ കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും.
നിലമ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് മൊഗാ ഓണ്‍ലൈന്‍ പ്രവാസി ഇലക്ഷന്‍ കാമ്പയിന്‍ ജൂണ്‍ 10ന് രാത്രി നടത്തുവാന്‍ തീരുമാനിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഷാജി, കെ പി സി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം പി, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ മെഗാ ഓണ്‍ലൈന്‍ പ്രചാരണ പരിപാടിയില്‍ സംസാരിക്കും.
പ്രവാസികളോട് വോട്ടു അഭ്യര്‍ഥിക്കുവാനും യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാനും ബാപ്പുട്ടിക്കൊരു വോട്ട് എന്ന പേരില്‍ ഫോണ്‍ കാള്‍ റിക്വസ്റ്റ് കാമ്പയിന്‍ നടത്തുവാനും യോഗം തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പില്‍ വോട്ടുള്ള പ്രവാസികളില്‍ സാധിക്കുന്നവരെല്ലാം വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്നതിനുള്ള നടപടികളും കൈകൊള്ളുവാന്‍ യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ വിവിധ ജി സി സി പ്രതിനിധികളായ സുബൈര്‍ വട്ടോളി, അബൂട്ടി പള്ളത്ത്, അബ്ദുല്‍ മനാഫ്, ജാബിര്‍ ചങ്കരത്ത്, റാഫി (ജിദ്ദ), മുജീബ് ഉപ്പട (റിയാദ്), മുനീബ് (ദമാം), നസ്രുദീന്‍ ടി പി, അലി അസ്‌കര്‍ (ഖത്തര്‍), ഹാരിസ് മേത്തല (ഒമാന്‍), സലിം കരുളായി (കുവൈത്ത്), താജുദ്ധീന്‍, ഷാജഹാന്‍, ഷബീര്‍ അലി (ദുബായ്) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും അഷറഫ് പരി നന്ദിയും പറഞ്ഞു.

