
പറവൂര്‍: നാളത്തെ കേരളത്തിന് നേതൃത്വം കൊടുക്കേണ്ട നേതാവാണ് വി ഡി സതീശനെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ നിലപാടുള്ള സതീശന്‍ മറ്റൊരു ശക്തികളുടെയും സ്ഥാപിത താത്പര്യങ്ങളുടെയും മുന്നില്‍ തലകുനിക്കില്ല. ഏറ്റെടുത്ത ഉത്തരവാദിത്വത്തോട് പൂര്‍ണ്ണ നീതി പുലര്‍ത്തിയാണ് അഞ്ചുവര്‍ഷവും സതീശന്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചത്. സതീശന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മുഖ്യമന്ത്രിക്ക് പോലും ഉത്തരം മുട്ടി. അവസര വര്‍ഗീയ വാദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ ഉറച്ച നിലപാടില്‍ നിന്നെന്നും സുധീരന്‍ പറഞ്ഞു.

പൊതുപ്പണം കൊള്ളയടിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്ത പിണറായി ഭരണം കേരളത്തെ പൂര്‍ണ്ണമായി തകര്‍ത്തതായി സുധീരന്‍ അഭിപ്രായപ്പെട്ടു. പിണറായിയുടെ ഭരണം അവസാനിപ്പിക്കണമെന്നും ആത്മാര്‍ഥതയുള്ള കമ്മ്യൂണിസ്റ്റുകാരും ജനങ്ങളും ഈ സര്‍ക്കാര്‍ പോകണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പരസ്യ ബോര്‍ഡിലും മുഖ്യമന്ത്രിയുടെ മുഖം ഉള്ളതുകൊണ്ട് ആരും എല്‍ ഡി എഫിന് വോട്ട് ചെയ്യില്ലെന്നും ജയിക്കില്ലെന്നും ഉറപ്പായതോടെയാണ് ബി ജെ പിയും സി പി എമ്മും ഡീലില്‍ ഏര്‍പ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
എം പിമാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ, നടന്‍ ഭരത് സലിംകുമാര്‍, കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ പി ധനപാലന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ ഷൈജന്‍, ഷാരോണ്‍ പനയ്ക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നടന്‍ ഭരത് സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു.

