ഗാസയിലെ ഖത്തരി കമ്മിറ്റി ആസ്ഥാനത്തിനു നേരെയുള്ള ആക്രമണം; ലോകരാജ്യങ്ങള്‍ അപലപിച്ചു

Web Desk
2 Min Read

റിയാദ്: ഗാസ പുനര്‍നിര്‍മാണത്തിനുള്ള ഖത്തരി കമ്മിറ്റി ആസ്ഥാനത്തിനു നേരെ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചു.

city exchange

അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന ആക്രമണ പരമ്പരയുടെ തുടര്‍ച്ചയാണ് ഖത്തരി കമ്മിറ്റി ആസ്ഥാനത്തെ ബോംബാക്രമണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗാസയിലെ സാധാരണക്കാര്‍, ആശുപത്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം കടമകള്‍ നിറവേറ്റണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലിനോട് കണക്കു ചോദിക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ജനതയെ ലക്ഷ്യം വെക്കുന്ന ഇസ്രായേല്‍ നയത്തിന്റെ തുടര്‍ച്ചയാണ് ഖത്തരി കമ്മിറ്റി ആസ്ഥാനത്തെ ബോംബാക്രമണമെന്ന് കുവൈത്ത് പറഞ്ഞു. സാധാരണക്കാര്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിന് അസംബന്ധമായ ന്യായീകരണങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. അതോടൊപ്പം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

- Advertisement -
Ad image

ആക്രമണത്തെ ഒമാനും ജോര്‍ദാനും അപലപിച്ചു. അധിനിവേശ സേനയുടെ ക്രൂരതയുടെയും മുടന്തന്‍ ന്യായത്തിന്റെയും അന്താരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും മാനദണ്ഡങ്ങളും തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെയും തെളിവാണ് ബോംബാക്രമണമെന്ന് ജി സി സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ഖത്തരി കമ്മിറ്റി ആസ്ഥാനത്തിനും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും ജനക്കൂട്ടങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങള്‍ സാധാരണക്കാരുടെ ജീവന് ഇസ്രായേല്‍ തെല്ലും വില കല്‍പിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. ഗാസ പുനര്‍നിര്‍മാണത്തില്‍ ഖത്തരി കമ്മിറ്റി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ കമ്മിറ്റി ആസ്ഥാനത്ത് ബോംബാക്രമണം നടത്തിയതിലൂടെ ഗാസയിലെ പശ്ചാത്തല സൗകര്യങ്ങളും ഇവ നടപ്പാക്കുന്ന സ്ഥാപനങ്ങളും തകര്‍ക്കാനുള്ള ഇസ്രായിലിന്റെ ഉദ്ദേശ്യമാണ് വ്യക്തമാകുന്നത്.

ഗാസ പ്രതിസന്ധി അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കാന്‍ ആവശ്യമായ സുരക്ഷിത ഇടനാഴികള്‍ അടിയന്തിരമായി തുറക്കാനും അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

ഖത്തരി കമ്മിറ്റി ആസ്ഥാനത്തിനു നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ ഒ ഐ സിയും അറബ് പാര്‍ലമെന്റും അപലപിച്ചു. ഖത്തരി കമ്മിറ്റി ആസ്ഥാനത്തെ ബോംബാക്രമണം മാനവികതയുടെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു.

ഗാസ ആശുപത്രികള്‍ക്കു നേരെയുള്ള ഇസ്രായില്‍ ബോംബാക്രമണങ്ങളെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്തതും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്. മനുഷ്യ മനസ്സാക്ഷിക്ക് സ്വീകാര്യമല്ലാത്ത രീതികളില്‍ നിയമ വിരുദ്ധ യുദ്ധം തുടരാന്‍ ഇസ്രായിലിന് പച്ചക്കൊടി കാണിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിനാണ് ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!