

കൊച്ചി: പ്രണയാര്‍ദ്രമായ ഗാനരംഗങ്ങളോടു കൂടിയ ആയിരം കാലം എന്ന സിനിമ മൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ എസ് ശേഖര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. രാഗ് രംഗില എന്ന ചിത്രത്തിന് ശേഷം യൂസഫ് മുഹമ്മദ് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വര്‍ഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറായ കമിതാക്കളുടെ പരസ്പരം തുറന്നു പറയാനാവാത്ത സ്‌നേഹബന്ധമാണ് ചിത്രത്തില്‍ പറയുന്നത്. മനസ്സിന്റെ ഉള്ളില്‍ മഞ്ജുവിനെ മാത്രം സ്വപ്‌നം കണ്ട് ജീവിതം കഴിച്ചുകൂട്ടിയ രവീന്ദ്രന്‍. എന്നാല്‍ ജീവിതവീഥിയില്‍ പ്രണയിനിയുടെ രോഗാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു അയാള്‍ക്ക്. വിദേശ രാജ്യത്തെ ജോലി സ്വപ്‌നം കണ്ട നായകന്‍ നാട്ടില്‍ നാട്ടിന്‍പുറത്തെ ജീവിതവുമായി പൊരുത്തപ്പെട്ട് പോവുകയായിരുന്നു. ഈ അവസരത്തില്‍ നായികയെ വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിന്നീടങ്ങോട്ടുള്ള ഇവരുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്. ശേഖര്‍, ദീപ എന്നിവരെ കൂടാതെ പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സുധീര്‍ ഒറ്റപ്പാലം ആണ്. കലാസംവിധാനം, ഗാനരചന എന്നിവ നിര്‍വഹിക്കുന്നത് വിഷ്ണു നെല്ലായ ആണ്. സംഗീതം ജാഫര്‍ ഹനീഫ. പാടിയിരിക്കുന്നത് ജാഫര്‍ ഹനീഫ, നഫിയ ജാഫര്‍ എന്നിവരാണ്. മേക്കപ്പ് അനീസ് ചെറുപ്പളശ്ശേരി. പി ആര്‍ ഒ: എം കെ ഷെജിന്‍ ആലപ്പുഴ.

