

ദോഹ: അല്‍ സുവൈദ് ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 40 പേര്‍ക്ക് അബൂദാബി ബിഗ് ടിക്കറ്റിലെ ഒരു കോടി ദിര്‍ഹം സമ്മാനം. നഹീല്‍ നിസാമുദ്ദീനും സഹപ്രവര്‍ത്തകരായ 39 പേരും ചേര്‍ന്നെടുത്ത ടിക്കറ്റാണ് ഭാഗ്യമായത്.

നേരത്തെ വിജയിയെ കണ്ടെത്താനായിരുന്നില്ല. തങ്ങള്‍ക്കിപ്പോഴും വിജയികളാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് നഹീലും സഹമുറിയന്‍ ഷിനോയ് ഒതയോത്തും പറയുന്നത്.
നാല്‍പ്പത് പേര്‍ ചേര്‍ന്ന് ആദ്യമായാണ് ടിക്കറ്റെടുത്തത്. നേരത്തെ പത്തു മുതല്‍ 15 വരെ പേര്‍ ചേര്‍ന്് ടിക്കറ്റെടുക്കാറുണ്ടായിരുന്നെങ്കിലും സമ്മാനങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സംഘം വിപുലീകരിച്ച് 40 ആയി വര്‍ധിപ്പിച്ചത്. സംഘത്തിലെ 37 പേരും മലയാളികളും ബാക്കി മൂന്നുപേര്‍ ബംഗ്ലാദേശികളുമാണ്.

ടിക്കറ്റെടുത്തപ്പോള്‍ നഹീല്‍ ഇന്ത്യന്‍ നമ്പറായിരുന്നു നല്കിയിരുന്നത്. അതുകൊണ്ടുതന്നെ വിജയിയെ ബന്ധപ്പെട്ടപ്പോള്‍ ലഭ്യമായില്ല. എന്നാല്‍ പിതാവിന്റെ ഇന്ത്യയിലെ നമ്പര്‍ കൂടി നല്കിയിരുന്നതിനാല്‍ അദ്ദേഹത്തെ ബന്ധപ്പെടുകയും അതുവഴി അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ നഹീലിനെ ബന്ധപ്പെടുകയുമായിരുന്നു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ദൃശ്യങ്ങള്‍ കണ്ടുറപ്പിച്ചതിന് ശേഷം മാത്രമാണ് നഹീലും സംഘവും തങ്ങളാണ് വിജയികളെന്ന് തീരുമാനിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി വ്യാജ കോളുകള്‍ വന്നിരുന്നതിനാല്‍ ഔദ്യോഗികമായ വിളിക്കായി കാത്തിരുന്ന സംഘത്തിന് ഫോണിലും ഇ-മെയില്‍ വഴിയും വിവരം ലഭ്യമാവുകയായിരുന്നു.
കൊല്ലം പരവൂര്‍ സ്വദേശിയായ നഹീല്‍ നിസാമുദ്ദീനും മറ്റു 39 പേരും 50 റിയാല്‍ വീതമെടുത്താണ് ടിക്കറ്റെടുത്തത്. അല്‍സുവൈദി ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റാണ് നഹീല്‍ നിസാമുദ്ദീന്‍. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് ഇവര്‍ അറിയിച്ചു. സമ്മാനം ലഭിച്ചുവെന്ന് കരുതി ആരും ജോലി ഉപേക്ഷിക്കില്ലെന്നും നഹീല്‍ അറിയിച്ചു.
ആഗസ്ത് മാസത്തില്‍ ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ മലയാളികള്‍ അടങ്ങുന്ന ജീവനക്കാര്‍ക്ക് ഒന്നരക്കോടി ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു.

