കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

Web Desk
2 Min Read

കോട്ടയം: കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. കിട്ടുമ്മാവന്‍, കുഞ്ചുക്കുറുപ്പ് തുടങ്ങിയ കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നു.

city exchange

കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.
യേശുദാസന്‍ 1955-ല്‍ കോട്ടയത്തു നിന്ന് കെ പി പന്തളത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച ‘അശോക’ വിനോദ മാസികയിലാണ് തന്റെ കാര്‍ട്ടൂണ്‍ ജീവിതമാരംഭിച്ചത്.

അവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ കാമ്പിശ്ശേരി കരുണകാരനും വൈക്കം ചന്ദ്രശേഖരന്‍ നായര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചതോടെയാണ് യേശുദാസന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ജനയുഗം വാരികയില്‍ ‘ചന്തു’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ജനയുഗം ദിനപത്രത്തില്‍ ‘കിട്ടുമ്മാവന്‍’ എന്ന കഥാപാത്രവുമായി മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണിന് ജന്മം നല്‍കി.

- Advertisement -
Ad image

പില്‍ക്കാലത്ത് ‘വനിത’യിലെ മിസ്സിസ് നായര്‍, ‘മലയാള മനോരമ’യിലെ പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടന്‍ എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കും ജന്മം നല്‍കിയ യേശുദാസന്‍ തനിക്ക് രാഷ്ട്രീയം മാത്രമല്ല കുറിക്ക് കൊള്ളുന്ന സാമൂഹ്യ വിമര്‍ശനവും വഴങ്ങുമെന്ന് തെളിയിച്ചു. കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളുമായിരുന്നു ഈ പരമ്പരകള്‍ പൊളിച്ചു കാട്ടിയത്.

1963ല്‍ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയില്‍ ചേര്‍ന്ന യേശുദാസന്‍ അടിയന്തരാവസ്ഥക്കാലം വരെ അവിടെ തുടര്‍ന്നു. കേരളത്തില്‍ തിരിച്ചെത്തിയ ശേഷം അന്ന് രാജ്യസഭാംഗമായിരുന്ന സി അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതല്‍ ‘ബാലയുഗം’ കുട്ടികളുടെ മലയാളം മാസിക എഡിറ്ററായി ചുമതലയെടുത്തു. ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് ‘അസാധു’ എന്ന ജനപ്രിയ രാഷ്ട്രീയ മാസികയും സിനിമാ ഹാസ്യമാസികയായ കട്ട്-കട്ട്, ടക്-ടക്, സാധു എന്നീ പ്രസിദ്ധീകരണങ്ങളും പില്‍ക്കാലത്ത് സ്വന്തമായി നടത്തി.

പ്രസിദ്ധീകരണരംഗത്തു നിന്ന് പിന്മാറിയ യേശുദാസന്‍ 1985ലാണ് മലയാള മനോരമ ദിനപത്രത്തില്‍ ചേരുന്നത്. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മെട്രോ വാര്‍ത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചു. ദേശാഭിമാനിയില്‍ സ്ഥിരമായി കാര്‍ട്ടൂണകള്‍ വരച്ചിരുന്നു.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അധ്യക്ഷനായ യേശുദാസന്‍ കേരള ലളിതകലാ അക്കാദമിയുടെയും അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്.

1984-ല്‍ കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചു. 1992-ല്‍ എ ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാന്‍’ എന്ന ചിത്രത്തിന് തിരക്കഥയും എഴുതിയത് അദ്ദേഹമാണ്. 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ 2001, 2002, 2003 വര്‍ഷങ്ങളിലെ കേരള സ്റ്റേറ്റ് പ്രസ് അവാര്‍ഡ്, 1998ല്‍ നാഷണല്‍ ഫിലിം അക്കാദമി കാര്‍ട്ടൂണിസ്റ്റ് ശിവറാം അവാര്‍ഡ്, ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്സിന്റെ 2001ലെ ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റ്മോര്‍ട്ടം, വരയിലെ നായനാര്‍, വരയിലെ ലീഡര്‍, പുരാണക്വിലാ റോഡ് എന്നിവ പ്രധാന കൃതികളാണ്.

പരേതരായ ജോണ്‍ മത്തായിയുടേയും മറിയാമ്മയുടെയും മകനാണ് മാവേലിക്കരയിലെ ഭരണിക്കാവ് സ്വദേശിയായ യേശുദാസന്‍. ഭാര്യ: മേഴ്‌സി. മക്കള്‍: സാനു, സേതു, സുകു. മരുമക്കള്‍: ജയ, അലക്‌സി.

Share This Article
Leave a Comment
error: Content is protected !!