അപകടങ്ങള്‍ നിത്യസംഭവമായി എടപ്പുറം കൊച്ചിന്‍ ബാങ്ക് റോഡ്

Web Desk
1 Min Read

ആലുവ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കിന്‍ഫ്രയുടെ വന്‍കിട കുടിവെള്ള പദ്ധതിക്കായി ഭൂഗര്‍ഭ പൈപ്പിടലിനായി കുത്തി പൊളിച്ച എടയപ്പുറം കൊച്ചിന്‍ ബാങ്ക് റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവങ്ങളായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ ഉരുണ്ട് റോഡിലേക്ക് വീഴുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും ഒരു പോലെ ഭീഷണിയാകുകയാണ്. മഴ പെയ്താല്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞ് വീഴുന്നതും കുഴികള്‍ ഒഴിവാക്കുന്നതിനായി ഒരേ ദിശയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും നിത്യ സംഭവങ്ങളാണ്.

city exchange

പെരിയാറില്‍ നിന്നും വന്‍തോതില്‍ ജലം ഊറ്റിയെടുത്ത് വ്യവസായിക അടിസ്ഥാനത്തില്‍ വില്‍പന നടത്തുന്നതിനായി ആവിഷ്‌കരിച്ചിരിക്കുന്ന പരിപാടി നടപ്പായാല്‍ കുടിവെള്ള ക്ഷാമമുണ്ടാകുമെന്നും യാതൊരു ശാസ്ത്രീയ പഠനങ്ങളും ഇല്ലാതെ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പുകളെ പോലും അറിയിക്കാതെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് യു ഡി എഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പണി തടഞ്ഞത്. കളക്ടര്‍ ഇടപെട്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സര്‍വ്വകക്ഷി യോഗം വിളിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാരണം പറഞ്ഞ് ഇതുവരെ യോഗം വിളിക്കുകയോ പ്രശ്‌നം പരിഹരിക്കുന്നതിനോ ശ്രമമുണ്ടായിട്ടില്ല.

രണ്ട് വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന വിദ്യാര്‍ഥികളടക്കമുള്ള നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡില്‍ ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തി അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ മാറ്റി റോഡ് ഗതാഗത യോഗ്യമാക്കുന്നതില്‍ അലംഭാവം കാണിക്കുന്ന പഞ്ചായത്ത്, പൊതുമരാമത്ത് ഓഫീസുകള്‍ക്ക് മുമ്പില്‍ അനിശ്ചിതകാല സമരത്തിന് നാട്ടുകാര്‍ തയ്യാറെടുക്കുകയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!