ഒ ഐ സി സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: പി സി വിഷ്ണുനാഥ്

Web Desk
3 Min Read

മനാമ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗള്‍ഫ് മേഖലയില്‍ യുദ്ധ സാഹചര്യം ആയിരുന്നു എങ്കിലും ഒ ഐ സി സിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് ആണെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങളെ അഭിനന്ദിക്കുന്നു എന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. വിമാനയാത്ര ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഇവിടെയുള്ള പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കണ്‍വന്‍ഷനുകളും ഭവന സന്ദര്‍ശനം അടക്കമുള്ള പ്രവര്‍ത്തനം, നാട്ടിലെ പ്രവാസി കുടുംബങ്ങള്‍ യു ഡി എഫിന് വളരെ ഗുണം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

city exchange

കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ഥ കാരണക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ആണെന്ന് ഒ ഐ സി സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സംസ്ഥാന ടുറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ആരോപിച്ചു.

ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ക്ക് കാരണം അധികാരത്തില്‍ എത്തിയ കേവലം മൂന്ന് മാസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ ആണെന്ന ആരോപണം കേവലം രാഷ്ട്രീയ ആരോപണമായി മാത്രമെ ജനങ്ങള്‍ കരുതു. കേരളത്തിലെ വൈദ്യുതി ഉപഭോഗത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് നമ്മള്‍ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷം അധികാരത്തില്‍ ഇരുന്ന സര്‍ക്കാര്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ എന്തു പദ്ധതി ആണ് ആരംഭിച്ചത്. നമ്മുടെ സമീപ സംസ്ഥാനങ്ങള്‍ വൈദ്യുതി ഉപഭോഗത്തിന്റെ അറുപതു മുതല്‍ എഴുപത്തിയഞ്ച് ശതമാനം വരെ അവര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം മാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ കാരണക്കാര്‍ കേവലം മൂന്നു മാസം മാത്രം അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ആണെന്ന് ആരെങ്കിലും ധരിക്കുമോ. ഇപ്പോള്‍ ഈ പ്രതിസന്ധിയെ മാനേജ് ചെയ്യുന്നത് മാത്രമാണ് യു ഡി എഫ് സര്‍ക്കാര്‍.

കാലാവസ്ഥ വ്യതിയാനം മുന്‍ കൂട്ടി കണ്ടുകൊണ്ട് ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരുന്നത് മുന്‍ സര്‍ക്കാര്‍ ആയിരുന്നു. അധികാരത്തില്‍ എത്തി മൂന്നു മാസം മാത്രമായിട്ടുള്ള സര്‍ക്കാരിന് എങ്ങനെ പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണുവാന്‍ സാധിക്കും. ഈ ഗവണ്‍മെന്റില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷ ആണ് അര്‍പ്പിച്ചിരിക്കുന്നത്. ആ പ്രതീക്ഷകള്‍ നിലനിര്‍ത്തികൊണ്ട് തന്നെയാണ് നമ്മുടെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

- Advertisement -
Ad image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികള്‍ നമ്മള്‍ പൂര്‍ത്തിയാക്കി മുന്നോട്ട് പോകുന്നു. ഈ ഗവണ്‍മെന്റ് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തന്നെ സ്ത്രീകള്‍ക്ക് നമ്മള്‍ വാഗ്ദാനം ചെയ്ത പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിആരംഭിക്കുന്നതിന് തീരുമാനം എടുക്കുവാന്‍ സാധിച്ചു. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തില്‍ വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി ആരംഭിക്കുന്നതിന് വേണ്ടിയുള്ള തീരുമാനം എടുക്കുവാനും സാധിച്ചു. കഴിഞ്ഞ ഓണകാലഘട്ടത്തില്‍ എല്ലാ വകുപ്പുകളും അഭിമാനകരമായ പ്രവര്‍ത്തനം കാഴ്ചവച്ചു.

സിവില്‍സപ്ലൈസ്, കൃഷി, ട്രാന്‍സ്പോര്‍ട്ട്, ടുറിസം അടക്കം എല്ലാ വകുപ്പുകളും അഭിമാനകരമായ പ്രവര്‍ത്തനം ആണ് കാഴ്ച വച്ചത്. ടുറിസം വകുപ്പിന് കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകയിലുമായി എണ്ണായിരത്തില്‍ അധികം കലാകാരന്‍മാര്‍ക്ക് അവസരം ലഭിച്ചു എന്നും പി സി വിഷ്ണുനാഥ് അറിയിച്ചു.

ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ആക്ടിങ് പ്രസിഡന്റ് ബോബി പാറയില്‍, ട്രഷറര്‍ ലത്തീഫ് ആയംചേരി, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, സൈദ് എം എസ്, പ്രദീപ് മേപ്പയൂര്‍, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി പി വര്‍ഗീസ്, ഒ ഐ സി സി നേതാക്കളായ സന്തോഷ് നായര്‍, അലക്‌സ് മഠത്തില്‍, സിജു പുന്നവേലി, സന്തോഷ് ബാബു, സല്‍മാനുല്‍ ഫാരിസ്, റഷീദ് മുയിപ്പോത്ത്, നിജില്‍ രമേശ്, മുനീര്‍ യു, ഷാജി പൊഴിയൂര്‍, നാസര്‍ തൊടിയൂര്‍, ശോഭ സജി, ലൈജു, വിന്‍സെന്റ് കക്കയം, കിഷോര്‍, റാഫി സെന്‍ട്രല്‍ മാര്‍ക്കറ്റ്, ബിജുബാല്‍, നൈസാം, മനോജ് മാത്യു, ഫൈസല്‍ പട്ടാണ്ടി, സിജി എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!