

തൊടുപുഴ: ചലച്ചിത്ര താരം പൂജപ്പുര രവി (രവീന്ദ്രന്‍ നായര്‍- 84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്ന പൂജപ്പുര രവിക്ക് ശ്വാസംമുട്ടലുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മരിക്കുകയായിരുന്നു. മൃതദേഹം രാത്രിയോടെ തിരുവനന്തപുത്തെ വീട്ടിലെത്തിക്കും. സംസ്‌ക്കാരം തിങ്കളാഴ്ച.

ഹാസ്യനടനായും സ്വഭാവ നടനായും തിളങ്ങിയ പൂജപ്പുര രവി എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും വേഷമിട്ടിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാന സിനിമ. കള്ളന്‍ കപ്പലില്‍ തന്നെ, റൗഡി രാമു, ഓര്‍മകള്‍ മരിക്കുമോ, അമ്മിണി അമ്മാവന്‍, മുത്താരംകുന്ന് പി ഒ, പൂച്ചയ്‌ക്കൊരു മുക്കുത്തി, ലൗ ഇന്‍ സിംഗപ്പൂര്‍, ആനയ്‌ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. കടത്തനാടന്‍ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

കലാനിലയത്തില്‍ നാടക നടിയായിരുന്ന പരേതയായ തങ്കമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മി, ഹരികുമാര്‍. പിതാവ്; പരേതനായ മാധവന്‍പിള്ള. മാതാവ്: പരേതയായ ഭവാനിയമ്മ.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിലൂടെയാണ് രംഗത്തെത്തിയത്. പിന്നീട് എസ് എല്‍ പുരം സദാനന്ദന്റെ ഒരാള്‍ക്കൂടി കള്ളനായി എന്ന നാടകത്തില്‍ പതിനാറാം വയസ്സില്‍ ശ്രദ്ധേയ വേഷം ചെയ്താണ് അരങ്ങിലെത്തിയത്. പത്തുവര്‍ഷത്തോളം കലാനിലയത്തില്‍ പ്രവര്‍ത്തിച്ച പൂജപ്പുര രവി കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ്സ് തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.
1976ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവന്‍ എന്ന സിനിമയിലാണ് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ദീര്‍ഘകാലം സിനിമയിലെ അവിഭാജ്യഘടകമായി. സിനിമയില്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ പകുതിയിലധികവും പട്ടര്‍ ആയിരുന്നു. സിനിമയ്ക്ക് പിന്നാലെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

