

തൃശൂര്‍: ആദ്യകാല ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍. 100ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

1970കളിലും 80കളിലും നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനായത്. മധുവിനെ നായകനാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976ല്‍ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്.

ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
