

ന്യൂഡല്‍ഹി: ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ നവംബര്‍ 15 മുതല്‍ കൈകാര്യം ചെയ്യില്ലെന്ന് അദാനി പോര്‍ട്‌സ് അറിയിച്ചു. അദാനി പോര്‍ട്‌സ് കൈകാര്യം ചെയ്യുന്ന എല്ലാ ടെര്‍മിനലുകള്‍ക്കും ഈ അറിയിപ്പ് ബാധകമായിരിക്കുമെന്നും അദാനി പോര്‍ട്‌സിലെ മൂന്നാം കക്ഷി ടെര്‍മിനലുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അദാനി പോര്‍ട്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സെപ്തംബര്‍ 13നാണ് രണ്ട് കണ്ടെയ്‌നറുകളിലായി മൂവായിരം കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അഫ്ഗാനിസ്ഥാനില്‍ നിന്നുമെത്തിയ ചരക്കില്‍ പ്രൊസസ് ചെയ്യാത്ത ടാല്‍ക്കം പൗഡര്‍ അടങ്ങിയിട്ടുണ്ടെന്ന സൂചിപ്പിക്കുന്ന ജംബോ ബാഗുകൡല്‍ ഹെറോയിന്‍ കടത്തുകയായിരുന്നു. ബാഗിന്റെ താഴത്തെ പാളികളില്‍ നിറച്ച മയക്കു മരുന്നിന് മുകളില്‍ ടാല്‍ക്ക് കല്ലുകള്‍ നിറച്ചിരുന്നു.

കസ്റ്റംസ് വകുപ്പും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടിച്ചെടുത്ത ഹെറോയിന്റെ മൂല്യം ഏകദേശം ഇരുപതിനായിരം കോടി രൂപയാണെന്നാണ് കണക്ക്. അഫ്ഗാന്‍, ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

