

ദോഹ: ഖത്തറും കൊറിയയും ഈ വര്‍ഷം നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം നിര്‍ണായകമാണെന്ന് ഖത്തറിലെ കൊറിയന്‍ അംബാസഡര്‍ ജൂണ്‍-ഹോ ലീ ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെയുള്ള വ്യാപാര വ്യാപനത്തിലെ വളര്‍ച്ച ലീ എടുത്തുകാട്ടി. 1974-ല്‍ 4 മില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്ന സ്ഥാനത്ത് 2022-ല്‍ 17.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക പങ്കാളിത്തത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

കൊറിയയിലേക്കുള്ള ഊര്‍ജത്തിന്റെ പ്രധാന വിതരണക്കാരന്‍ എന്ന നിലയില്‍ ഖത്തറിന്റെ പ്രാധാന്യം അംബാസഡര്‍ ലീ അടിവരയിട്ടു. ദോഹയുടെ ആധുനിക വളര്‍ച്ചയിലേക്ക് സംഭാവന നല്‍കിയ ഖത്തറിലെ 130-ലധികം ലാന്‍ഡ്മാര്‍ക്ക് നിര്‍മ്മാണ പദ്ധതികളില്‍ കൊറിയയുടെ പങ്കാളിത്തത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘979-ല്‍ ഷെറാട്ടണ്‍ റിസോര്‍ട്ടും കണ്‍വെന്‍ഷന്‍ ഹോട്ടലും മുതല്‍ ലുസൈല്‍ ഹൈവേയുടെ സമീപകാല പൂര്‍ത്തീകരണം വരെ തങ്ങളുടെ സഹകരണ അഭിലാഷങ്ങളുടെ മാനദണ്ഡങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ സന്ദര്‍ശനം ഉള്‍പ്പെടെ, ഖത്തറും കൊറിയയും തമ്മിലുള്ള പതിവ് ഉന്നതതല സന്ദര്‍ശനങ്ങളും അദ്ദേഹം എടുത്തുകാണിച്ചു. 2007-ല്‍ ഖത്തറും കൊറിയയും സമഗ്ര പങ്കാളിത്തം ഉറപ്പുവരുത്തി.

