
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ ലീഡര്‍ഇന്‍സൈറ്റ് സീരിസ് സെക്കന്റ് എഡിഷനില്‍ സുപ്രിം കോടതി അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് അഡ്വ. ഡോ. ജോസ് എബ്രഹാം സംസാരിച്ചു. എഫ് സി ആര്‍ എ 2026: കോര്‍പറേറ്റുകള്‍ക്കം എന്‍ ജി ഒകള്‍ക്കും പുതിയ വ്യവസ്ഥകള്‍ എന്ന വിഷയത്തിലായിരുന്നു ലീഡര്‍ ഇന്‍സൈറ്റ്.

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ 2026 പ്രകാരം ചില വ്യവസ്ഥകള്‍ വളരെ കടുത്തതാണെന്നും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നിലവില്‍ പാസായിട്ടില്ലെന്നും അഡ്വ. ഡോ. ജോസ് എബ്രഹാം ചൂണ്ടിക്കാട്ടി. എന്നാല്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ വീണ്ടും അവതരിപ്പിക്കപ്പെടുമെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

ഈ ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്, ഒരു എന്‍ ജി ഒയുടെ എഫ് സി ആര്‍ എ രജിസ്ട്രേഷന്‍ റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ സ്വമേധയാ സമര്‍പ്പിക്കുകയോ ചെയ്താല്‍ വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും ഏറ്റെടുക്കാനും അല്ലെങ്കില്‍ വില്‍ക്കാനുമായി പ്രത്യേക അധികാരിയെ നിയമിക്കുക എന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. കാരണം സമീപകാലത്ത് ആയിരക്കണക്കിന് സംഘടനകള്‍ക്ക് അവരുടെ എഫ് സി ആര്‍ എ രജിസ്ട്രേഷന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മുമ്പുമുതല്‍ പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി, സാക്ഷരതാ, ആരോഗ്യ സംഘടനകള്‍ ഉള്‍പ്പെടെ ഇത്തരം നിയമത്തിലേക്ക് വരുന്നതോടെ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ കടുത്ത നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് സിവില്‍ സൊസൈറ്റി സംഘടനകള്‍ ഈ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്. ഈ എതിര്‍പ്പുള്ളതു കൊണ്ടു കൂടിയാണ് സര്‍ക്കാര്‍ ബില്‍ താത്ക്കാലികമായി മാറ്റിവെച്ചത്.
കോടതിയില്‍ ഇവ ചോദ്യം ചെയ്യാമെങ്കിലും നിയമത്തിലെ ചില ഭേദഗതികള്‍ സുപ്രിം കോടതി ശരിവെച്ചിട്ടുമുണ്ട്. ഇന്ത്യ വികസന പഥത്തിലുള്ള രാജ്യമാണെന്നും വിദേശ സംഭാവനകളെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കോടതിയുടെ ഒരു നിരീക്ഷണം. നിയന്ത്രണങ്ങള്‍ അമിതമാവുകയോ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ അനാവശ്യമായി ബാധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ അത് കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ എഫ് സി ആര്‍ എ നിയമവും അതിലെ ഭേദഗതികളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും തുടരുമെന്ന് വ്യക്തമാണ്.
നേരത്തെ എഫ് സി ആര്‍ എ രജിസ്ട്രേഷന് ആജീവനാന്ത കാലാവധി ലഭിച്ചിരുന്നുവെങ്കില്‍ 2010-ലെ നിയമഭേദഗതിക്കുശേഷം സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അഞ്ച് വര്‍ഷമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. എന്നാല്‍ വിദേശത്തു നിന്നും ഒറ്റത്തവണ മാത്രമാണ് സാമ്പത്തിക സഹായം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് അനുമതി മാത്രം മതിയാകും. എഫ് സി ആര്‍ എ ലൈസന്‍സ് നിര്‍ബന്ധമല്ല.
എഫ് സി ആര്‍ എ റജിസ്ട്രേഷനും അതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇപ്പോള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് നടക്കുന്നത്. മതപരം, സാംസ്‌ക്കാരിക, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ച് മേഖലകളിലും അവയ്ക്ക്ു കീഴിലെ 105 ഉപവിഭാഗങ്ങളിലും മാത്രമാണ് എഫ് സി ആര്‍ എ ലൈസന്‍സ് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കെ എം എ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍ ഡോ. അനില്‍ ജോസഫ് സ്വാഗതവും ഹോണററി ജോയിന്റ് സെക്രട്ടറി രമേഷ് നായര്‍ നന്ദിയും പറഞ്ഞു.

