
ഡാളസ്: ഫിഫ ലോകകപ്പ് 2026ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തിലും പരാജയപ്പെടാതെ ഒന്‍പത് പോയിന്റുമായി അര്‍ജന്റീന നോക്കൗട്ടില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന ജോര്‍ദാനെ പരാജയപ്പെടുത്തിയത്.

ജിയോവാനി ലോ സെല്‍സോ 19-ാം മിനുട്ടിലും ലൗറ്റാരോ മാര്‍ട്ടിനെസസ് 31-ാം മിനുട്ടിലും പകരക്കാരനായി ഇറങ്ങിയ ലയണല്‍ മെസ്സി 81-ാം മിനുട്ടിലുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ജോര്‍ദാന്റെ ആശ്വാസ ഗോള്‍ 55-ാം മിനുട്ടില്‍ മൂസ അല്‍തമാരിയാണ് നേടിയത്. എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടാണ് ജോര്ജാന് കളത്തിന് പുറത്തേക്ക് നടന്നത്.

ഒന്‍പത് മാറ്റങ്ങളുമായാണ് സ്റ്റാര്‍ട്ടിംഗ് ലൈപ്പില്‍ അര്‍ജന്റീന വരുത്തിയത്. ആദ്യ പകുതിയില്‍ ബെഞ്ചിലിരുന്ന മെസ്സി 60-ാം മിനുട്ടിലാണ് കളത്തിലിറങ്ങിയത്. തുടര്‍ന്ന് 81-ാം മിനുട്ടില്‍ ഗോള്‍ നേടുകയും ചെയ്തു. ഇതോടെ ഈ ലോകകപ്പില്‍ മെസ്സി ആറു ഗോളുകളാണ് സ്വന്തമാക്കിയത്.
നോക്കൗട്ട് 32ല്‍ കാബോ വെര്ഡയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

