ഖത്തര്‍ ഇന്‍കാസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അഡ്വ. ടി സിദ്ദീഖ്

Web Desk
2 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസിലെ ഗ്രൂപ്പ് വഴക്കുകള്‍ പരിഹരിക്കാന്‍ കെ പി സി സി പ്രസിഡന്റ് ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്. ഇന്‍കാസ് ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സമാരംഭം പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

ഖത്തര്‍ ഇന്‍കാസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളുമായി താന്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. താന്‍ മാത്രം വിചാരിച്ചാല്‍ പ്രശ്‌നപരിഹാരം നടക്കില്ലെന്നും കെ പി സി സി പ്രസിഡന്റു കൂടി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ച അഡ്വ. ടി സിദ്ദീഖ് നാട്ടിലെത്തിയ ഉടന്‍ അക്കാര്യത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമെന്നും അറിയിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ വന്‍ വിജയമായിരുന്നു. ഇന്ത്യയില്‍ ഭാരത് ജോഡോ യാത്ര വലിയ സ്വാധീനം നേടാനാവുമെന്നും കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഭാരവാഹിത്വങ്ങളിലുള്ളവര്‍ അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നു പറഞ്ഞ അദ്ദേഹം ഏതെങ്കിലും ഭാരവാഹികള്‍ അത്തരത്തില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രമേശ് ചെന്നിത്തല കെ പി സി സി ഭാരവാഹിത്വത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന് അഭിപ്രായങ്ങള്‍ പറയുന്നതില്‍ പ്രശ്‌നമില്ലെന്നും ടി സിദ്ദീഖ് പറഞ്ഞു.

എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ യുവജന പ്രസ്ഥാനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം മത്സരിക്കാനും പ്രസിഡന്റാകാനും യോഗ്യനാണെന്നും അഡ്വ. ടി സിദ്ദീഖ് വിശദമാക്കി. എന്നാല്‍ വളരെ മുതിര്‍ന്ന ഒരു നേതാവ് മത്സര രംഗത്തുണ്ടെന്നതും എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ സംസാരിക്കാനാവുന്ന സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നതിനാല്‍ ധാരാളം അഭിപ്രായങ്ങള്‍ സമൂഹത്തില്‍ വരാന്‍ സാധ്യതയുണ്ട്. ശശി തരൂരിനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അര്‍ഹതയുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് മത്സരിക്കാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അനുമതി നല്കിയതെന്നും അഡ്വ. ടി സിദ്ദീഖ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!