

ദോഹ: നാലു പതിറ്റാണ്ടിലേറെ ഖത്തറിലെ മലയാളി സ്പന്ദനങ്ങളോടൊപ്പം സഞ്ചരിച്ച പുളിയത്തുങ്കല്‍ മമ്മൂട്ടി ഡിസംബര്‍ 27ന് വെള്ളിയാഴ്ച പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവശേഷിപ്പിക്കുന്നത് സേവന പ്രവര്‍ത്തനങ്ങളുടെ വലിയ മാതൃക.

1980ല്‍ ഖത്തറില്‍ ആദ്യമായി എത്തിയ അദ്ദേഹം വിസ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് 1985 അവസാനത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ആറു വര്‍ഷത്തെ ഖത്തര്‍ ജീവിതത്തിന് പിറകെ അഞ്ചുവര്‍ഷം നാട്ടില്‍ തന്നെയായി. അക്കാലത്ത് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനമായിരുന്നു പ്രധാനം. ഒതയോത്ത് ശാഖാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയും നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറിയുമൊക്കെയായി പ്രവര്‍ത്തിക്കവെയാണ് വീണ്ടും ഖത്തറിലേക്കുള്ള വിസ മമ്മൂട്ടിയെ തേടി എത്തിയത്.

നേരെ ബോംബെ വഴി ഖത്തറിലേക്ക് പറന്നു. ഖത്തര്‍ നാദാപുരം മണ്ഡലം കെ എം സി സി ഹൃദ്യമായ സ്വീകരമാണ് ഒരുക്കിയത്.

1998ലാണ് ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറിയായത്. പിന്നെ രണ്ടര വര്‍ഷം കോഴിക്കോട് ജില്ലാ കെ എം സി സി സെക്രട്ടറിയും 2005 മുതല്‍ മൂന്നു വര്‍ഷം കെ എം സി സിയുടെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായി സേവനം അനുഷ്ഠിച്ചു.
സംസ്ഥാന കെ എം സി സിയുടെ കലാവിഭാഗം ചെയര്‍മാനും സ്‌നേഹപൂര്‍വ്വം കെ എം സി സിയുടെ സംസ്ഥാന വൈസ് ചെയര്‍മാനായും സ്‌നേഹസുരക്ഷാ പദ്ധതിയുടെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനായും നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചു.

കെ എം സി സിക്കു പുറമേ ഖത്തര്‍ കുമ്മങ്കോട് വെല്‍ഫെയര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി അഞ്ച് വര്‍ഷവും ഖത്തര്‍ എന്‍ ഐ എം കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി ഒന്‍പത് വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട് മമ്മൂട്ടി പുളിയത്തുങ്കല്‍.
നിലവില്‍ ഖത്തര്‍ കോഴിക്കോട് സി എച്ച് സെന്റര്‍ സെക്രട്ടറിയായും വടകര സി എച്ച് സെന്റര്‍ രക്ഷാധികാരിയായും എന്‍ ഐ എം ഖത്തര്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
ദോഹ ജദീദ് മലയാളി സാമൂഹ്യ ജീവിതത്തിന്റെ പരിച്ഛേദമായിരുന്ന കാലത്ത് വ്യത്യസ്ത സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മമ്മൂട്ടി പുളിയത്തുങ്കല്‍ നടത്തിയ പ്രവര്‍ത്തനം അക്കാലം മുതല്‍ ഖത്തറിലുള്ളവരുടെ ഓര്‍മയിലുണ്ടാവും. നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമെന്ന പോലെ ഖത്തറിലെത്തിയപ്പോഴും ദോഹ ജദീദിലെ എല്ലാവരുമായി സംസാരിച്ചും ആവശ്യങ്ങള്‍ അന്വേഷിച്ചറിഞ്ഞും അദ്ദേഹം രംഗത്തുണ്ടായിരുന്നു. ഒരു സാധാരണക്കാരന്‍ തനിക്ക് കഴിയാവുന്ന മേഖലയില്‍ സാമൂഹ്യ സേവനം നടത്തിയത് എങ്ങനെയെന്നതിന് മികച്ച ഉദാഹരണമായിരുന്നു മമ്മൂട്ടി പുളിയത്തുങ്കല്‍.

