ദക്ഷിണാഫ്രിക്കയുടെയും ഫലസ്തീന്റെയും സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ കോര്‍ത്തിണക്കി ‘എഗെയ്ന്‍’; ഖത്തറില്‍ ആദ്യപ്രദര്‍ശനം ഒക്ടോബര്‍ 27 മുതല്‍

Web Desk
3 Min Read

ദോഹ: ദക്ഷിണാഫ്രിക്കയുടെയും ഫലസ്തീന്റെയും സ്വാതന്ത്ര്യത്തിനും സ്വയംനിര്‍ണയാവകാശത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രം സംഗീതനാടകത്തിലൂടെ അവതരിപ്പിക്കുന്ന ‘എഗെയ്ന്‍’ എന്ന പുതിയ നാടകത്തിന്റെ ലോകത്തിലെ ആദ്യപ്രദര്‍ശനം ഖത്തര്‍ മ്യൂസിയംസ് സംഘടിപ്പിക്കും. ഒക്ടോബര്‍ 27 മുതല്‍ 31 വരെ ദോഹയിലെ സൂഖ് വാഖിഫിലുള്ള അബ്ദുല്‍ അസീസ് നാസര്‍ തിയേറ്ററിലാണ് പ്രദര്‍ശനം. മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

city exchange

എഴുത്തുകാരനും ചരിത്രകാരനുമായ താരിഖ് അലിയുടെ ആശയത്തില്‍ രൂപംകൊണ്ട ഈ സംഗീതനാടകം ദക്ഷിണാഫ്രിക്കയിലെ ഒലിവിയര്‍ പുരസ്‌കാര ജേതാക്കളായ ഇസാംഗോ എന്‍സെംബിളും ഫലസ്തീന്‍ എഴുത്തുകാരി സോന്‍ഡോസ് സബ്രയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ചരിത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന ദക്ഷിണാഫ്രിക്കയിലെയും ഫലസ്തീനിലെയും ജനങ്ങളുടെ പോരാട്ടങ്ങളും പ്രതിരോധവും നാടകത്തിലൂടെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഖത്തര്‍ മ്യൂസിയംസാണ് നാടകം കമ്മീഷന്‍ ചെയ്തത്.

ഇസാംഗോ എന്‍സെംബിളിന്റെ സഹസ്ഥാപകനും കലാസംവിധായകനുമായ മാര്‍ക്ക് ഡോണ്‍ഫോര്‍ഡ്- മേയ് സംവിധാനം ചെയ്യുന്ന നാടകത്തില്‍ മാക്‌സ് റോബര്‍ട്ട്‌സ് അസോസിയേറ്റ് ഡയറക്ടറായും ലുങ്കെലോ എന്‍ഗാംലാന നൃത്തസംവിധായകനായും പ്രവര്‍ത്തിക്കുന്നു. ഗള്‍ഫ് മേഖലയിലേക്കുള്ള ഇസാംഗോ എന്‍സെംബിളിന്റെ ആദ്യ അരങ്ങേറ്റമാണിത്.

ചരിത്രത്തെ അകന്നുനിന്ന് നിരീക്ഷിക്കുന്നതിനുപകരം ദക്ഷിണാഫ്രിക്കയുടെയും ഫലസ്തീന്റെയും അനുഭവസാക്ഷ്യങ്ങള്‍ ഒരേ വേദിയിലെത്തിച്ച് അവ ശ്രദ്ധിച്ചുകേള്‍ക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതാണ് ‘എഗെയ്ന്‍’ എന്ന് മത്താഫ് ഡയറക്ടര്‍ സൈന അരീദ പറഞ്ഞു. സാംസ്‌കാരിക സംവാദങ്ങള്‍ക്ക് വേദിയൊരുക്കുന്ന മത്താഫിന്റെ ലക്ഷ്യവുമായി ഈ അവതരണം ചേര്‍ന്നുനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

- Advertisement -
Ad image

വ്യത്യസ്തമായി പരിഗണിക്കപ്പെടുന്ന ചരിത്രങ്ങള്‍ക്ക് പരസ്പരം സംവദിക്കാന്‍ അവസരം നല്‍കുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതാണ് നാടകം അന്വേഷിക്കുന്നതെന്ന് മാര്‍ക്ക് ഡോണ്‍ഫോര്‍ഡ്- മേയ് പറഞ്ഞു. വര്‍ണവിവേചനത്തിന്റെയും പ്രതിരോധത്തിന്റെയും ദക്ഷിണാഫ്രിക്കന്‍ അനുഭവങ്ങള്‍ ഫലസ്തീന്‍ എഴുത്തുകാരിയുടെ വാക്കുകളോടും അനുഭവസാക്ഷ്യങ്ങളോടും ചേര്‍ത്തുവെച്ച്, അവയുടെ വ്യത്യാസങ്ങള്‍ ഇല്ലാതാക്കാതെ സംഗീതം, ചലനം, നാടകം എന്നിവയിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടം, പലായനം, മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍, ഓര്‍മകള്‍ എന്നിവയെക്കുറിച്ചുള്ള തന്റെ എഴുത്തുകള്‍ വേദിയിലെത്തുമെന്ന് കരുതിയിരുന്നില്ലെന്ന് ഫലസ്തീന്‍ എഴുത്തുകാരി സോന്‍ഡോസ് സബ്ര പറഞ്ഞു. തന്റെ വാക്കുകള്‍ മറ്റുള്ളവരുടെ ശബ്ദങ്ങളിലൂടെ കേള്‍ക്കുന്നത് വേദനാജനകമാണെങ്കിലും അതിജീവനത്തിന്റെ ഒരു രൂപം കൂടിയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു കഥ പറയാന്‍ കഴിയുന്നിടത്തോളം അത് മായ്ച്ചുകളയപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെയും ഫലസ്തീന്റെയും ചരിത്രങ്ങളെ ഒരുമിച്ചുകൊണ്ടുവരണമെന്ന ആശയം മൂന്നു വര്‍ഷം മുമ്പാണ് മുന്നോട്ടുവെച്ചതെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ താരിഖ് അലി പറഞ്ഞു. ആ ആശയം വേദിയിലെത്തിച്ച ഇസാംഗോ എന്‍സെംബിളിനും ഖത്തര്‍ മ്യൂസിയംസിനും മത്താഫിനും അദ്ദേഹം നന്ദി അറിയിച്ചു.

90 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം സംഗീതം, ശാരീരിക ചലനങ്ങള്‍, സംഭാഷണങ്ങള്‍, അനുഭവസാക്ഷ്യങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് അവതരിപ്പിക്കുന്നത്. ഫലസ്തീന്‍ എഴുത്തുകാരി സോന്‍ഡോസ് സബ്രയുടെ രചനകളും അനുഭവവിവരണങ്ങളും നാടകത്തിന്റെ പ്രധാന ഭാഗമാണ്. അവരുടെ ഡയറിക്കുറിപ്പുകളില്‍നിന്നുള്ള ഭാഗങ്ങളും പുതുതായി എഴുതിയ ഉള്ളടക്കവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘വോയ്‌സസ് ഓഫ് റെസിസ്റ്റന്‍സ്: ഡയറീസ് ഓഫ് ജെനോസൈഡ്’ എന്ന പേരില്‍ കോമ പ്രസ് പ്രസിദ്ധീകരിച്ച സമാഹാരത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങളും നാടകത്തിനായി ഉപയോഗിക്കുന്നു.

ദക്ഷിണാഫ്രിക്കയില്‍നിന്നും യു കെയില്‍നിന്നുമുള്ള 15 കലാകാരന്മാരാണ് അവതരണത്തില്‍ പങ്കെടുക്കുന്നത്. സബ്രയുടെ രചനകള്‍ക്കൊപ്പം വര്‍ണവിവേചനം, വ്യവസായങ്ങളുടെ തകര്‍ച്ച, തൊഴിലാളിവര്‍ഗത്തിന്റെ പ്രതിരോധം, സംഘര്‍ഷം, പലായനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കലാകാരന്മാരുടെ നേരിട്ടുള്ളതും പാരമ്പര്യമായി കൈമാറിക്കിട്ടിയതുമായ അനുഭവങ്ങളും നാടകം കോര്‍ത്തിണക്കുന്നു.

ദക്ഷിണാഫ്രിക്ക, യു കെ, മധ്യപൂര്‍വദേശങ്ങള്‍ എന്നിവിടങ്ങളിലായി രണ്ടുവര്‍ഷംകൊണ്ടാണ് നാടകം വികസിപ്പിച്ചത്. പുതുതായി ചിട്ടപ്പെടുത്തിയ സംഗീതം, സംഘഗാനം, ശാരീരിക ചലനങ്ങള്‍, തത്സമയ അനുഭവസാക്ഷ്യങ്ങള്‍ എന്നിവ അവതരണത്തിന്റെ സവിശേഷതകളാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെയും വ്യത്യസ്ത കാഴ്ചപ്പാടുകളുടെയും പങ്കാളിത്തത്തോടെ സാംസ്‌കാരിക പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ശബ്ദങ്ങള്‍ക്ക് വേദിയൊരുക്കുന്നതും ഖത്തര്‍ മ്യൂസിയംസ് തുടരുകയാണ്. ആഗോളതലത്തിലുള്ള സാംസ്‌കാരിക സംവാദങ്ങളും പരസ്പരബന്ധങ്ങളും ശക്തിപ്പെടുത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

ഖത്തര്‍ ക്രിയേറ്റ്‌സിന്റെ 2026-27 ശരത്കാല- ശീതകാല പരിപാടികളുടെ ഭാഗമായാണ് ‘എഗെയ്ന്‍’ അവതരിപ്പിക്കുന്നത്. ഖത്തറിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ സാംസ്‌കാരിക വളര്‍ച്ചയും യാത്രയും അടയാളപ്പെടുത്തുന്ന 18 മാസം നീളുന്ന ‘എവല്യൂഷന്‍ നേഷന്‍’ പ്രചാരണത്തിന്റെ ഭാഗം കൂടിയാണിത്.

Share This Article
Leave a Comment
error: Content is protected !!