
കൊച്ചി: ജപ്പാന്‍ ഫൗണ്ടേഷന്‍, സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെ കേരള ലളതികലാ അക്കാദമി സംഘടിപ്പിക്കുന്ന ദ് ഏജ് ഓഫ് ദി ഫോട്ടോഗ്രഫ് 2022 ഏകദിന സെമിനാര്‍ ജൂലൈ 16ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ റോഡിലെ ഭാരത് ഹോട്ടലില്‍ നടക്കും. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിപാടി. അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടന്നു വരുന്ന തൊഹോകു- ജപ്പാനീസ് ഫോട്ടോഗ്രഫര്‍മാരുടെ കണ്ണുകളിലൂടെ എന്ന ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് സെമിനാര്‍.

ദ് ഐഡിയ ഓഫ് ലോസ് ആന്‍ഡ് വിഷ്വല്‍ (മിസ്) റെപ്രസന്റേഷന്‍ എന്ന വിഷയത്തില്‍ ചലച്ചിത്രകാരന്‍ ആര്‍ വി രമണി സംസാരിക്കും. ഫോട്ടോഗ്രഫി: എഡ്യുക്കേഷന്‍ എക്സ്പ്രഷന്‍ എന്ന വിഷയത്തില്‍ മൂര്‍ത്തീനായക് ഫൗണ്ടേഷന്‍/ ഫോട്ടോ സൗത്ത് ഏഷ്യയിലെ അനിത ഖെംകയുടെ പ്രഭാഷണം, ഇമേജസ് ഇന്‍ ട്രാന്‍സ്ലേഷന്‍ എന്ന വിഷയത്തില്‍ റിലയബ്ള്‍ കോപ്പിയിലെ നിഹാല്‍ ഫൈസല്‍, സരസിജ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിക്കും. ആര്‍ക്കൈവ് ബില്‍ഡിംഗ് ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററീസ് എന്ന വിഷയത്തില്‍ നേപ്പാള്‍ പബ്ലിക് ലൈബ്രറിയില്‍ നിന്നുള്ള നയന്‍താര ഗുരുംഗ് കക്ഷപതിയുടെ പ്രഭാഷണം, പേട്രണേജ്, പെഡഗോഗി ആന്‍ഡ് അദര്‍ ഫോംസ് ഓഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ റഹാബ് അല്ലാനയുടെ പ്രഭാഷണം, ഗ്രൂപ്പ് സംവാദം, വിലയിരുത്തല്‍, ചോദ്യത്തര പരിപാടി എന്നിവയും നടക്കും.
