എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കല്‍: കെ എം സി സി ബഹ്റൈന്‍ പ്രതിഷേധിച്ചു

Web Desk
2 Min Read

യുദ്ധഭീതിക്കിടയിലും സര്‍വീസ് നിര്‍ത്തിവെക്കുന്നത് പ്രവാസികളോടുള്ള അവഗണന: അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

city exchange

മനാമ: ബഹ്റൈനില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബഹ്റൈനിലേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിനെതിരെ കെ എം സി സി ബഹ്റൈന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

യുദ്ധഭീതിയും യാത്രാ പ്രതിസന്ധിയും നിലനില്‍ക്കുന്ന ഈ അടിയന്തര സാഹചര്യത്തില്‍ മറ്റു വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ സാധാരണ നിലയില്‍ നടത്തുമ്പോഴാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്.
ഇത് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് വലിയ ആശങ്കയും ദുരിതവുമാണ് സൃഷ്ടിക്കുന്നത്.

സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിന്റെ കാരണം കൂടി അധികൃതര്‍ വ്യക്തമാക്കണമെന്ന് കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര എന്നിവര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസിനായി മലബാര്‍ മേഖലയിലെ ആയിരക്കണക്കിന് പ്രവാസികള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയാണ്. നേരത്തെ ഗള്‍ഫ് എയര്‍ കോഴിക്കോട് ഡയറക്ട് സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ക്ക് ലഭ്യമായ പ്രധാന ആശ്രയവും
ഇല്ലാതായി. സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് വിവിധ ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടിട്ടും അതിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.

ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കുന്നത് പ്രവാസികളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്.

വെക്കേഷന്‍ കാലത്ത് നാട്ടിലേക്ക് പോയ നിരവധി പ്രവാസികള്‍ക്ക് ഇപ്പോള്‍ ബഹ്റൈനിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സര്‍വീസുകള്‍ റദ്ദാക്കിയതോടെ മറ്റു വിമാനക്കമ്പനികളിലെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

ഒരു കുടുംബത്തിലെ നാല് പേരോ അതിലധികമോ പേര്‍ക്ക് നാട്ടില്‍ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചെത്താന്‍ വലിയൊരു തുക ടിക്കറ്റിനായി മാത്രം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ പ്രവാസി കുടുംബങ്ങള്‍ക്ക് ഇത്തരം അധിക ചെലവുകള്‍ താങ്ങാനാവുന്നതല്ല.

യാത്രാ സൗകര്യം നഷ്ടപ്പെടുന്നതിന് പിന്നാലെ അമിതമായ ടിക്കറ്റ് നിരക്ക് കൂടി പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.

യുദ്ധഭീതി, സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ നഷ്ടം, കച്ചവട മാന്ദ്യം തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന പ്രവാസികള്‍ക്ക് വിമാന സര്‍വീസുകളുടെ അനിശ്ചിതത്വം വലിയ തിരിച്ചടിയാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കുന്നതിനുള്ള യഥാര്‍ഥ കാരണം അധികൃതര്‍ വ്യക്തമാക്കണമെന്ന് കെ എം സി സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെങ്കില്‍ അതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ യാത്രക്കാരെയും പ്രവാസി സംഘടനകളെയും അറിയിക്കണമെന്നും കെ എം സി സി ആവശ്യപ്പെട്ടു.

മറ്റു വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മാത്രം നിര്‍ത്തിവെക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയേണ്ടത് പൗരന്മാരുടെ അവകാശമാണ്.

ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കും നാട്ടില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്കും അടിയന്തരമായി യാത്രാസൗകര്യം ഒരുക്കണം. പ്രത്യേകിച്ച് കോഴിക്കോട് ഡയറക്ട് സര്‍വീസിനെ ആശ്രയിക്കുന്ന മലബാര്‍ മേഖലയിലെ പ്രവാസികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും കെ എം സി സി നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ ഈ അടിയന്തര യാത്രാ പ്രതിസന്ധി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ആവശ്യമായ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിന് കെ എം സി സി ബഹ്റൈന്‍ മുസ്ലിം ലീഗ് എം പിമാര്‍ മുഖേന ബന്ധപ്പെട്ടിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!