Connect with us

Business

കൊച്ചിയില്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്ററുമായി എയര്‍ ഇന്ത്യ

Published

on


കൊച്ചി: എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഡിജിറ്റല്‍ ഇന്നൊവേഷന്‍ കേന്ദ്രം എയര്‍ ഇന്ത്യ ചെയര്‍മാന്‍ കൂടിയായ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ടച്ച് പോയിന്റ് സാങ്കേതികവിദ്യകളും അത്യാധുനിക ഡാറ്റ, നിര്‍മിത ബുദ്ധി സൗകര്യങ്ങളും വികസിപ്പിച്ച് എയര്‍ ഇന്ത്യയെ ആധുനിക- ലോകോത്തര നിലവാരത്തിലുള്ള എയര്‍ലൈന്‍ ആക്കുന്നതില്‍ ഈ കേന്ദ്രം ശ്രദ്ധ പതിപ്പിക്കും.

ഇന്നത്തെ സാഹചര്യത്തില്‍ നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെയുള്ള മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം എയര്‍ ഇന്ത്യയുടെ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്ന് പറഞ്ഞു. യാത്രക്കാര്‍ക്ക് സ്വയം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ അസിസ്റ്റന്റുകളെ വികസിപ്പിച്ചെടുക്കാന്‍ കഴിയണമെന്നും എയര്‍ ഇന്ത്യയിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി പ്രതീക്ഷിക്കാനും അവ നിറവേറ്റാനും കഴിയുന്നവയായിരിക്കണം ഡിജിറ്റല്‍ അസിസ്റ്റന്റുകളെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ കാംപ്ബെല്‍ വില്‍സണ്‍, ചീഫ് ഡിജിറ്റല്‍ ആന്റ് ടെക്നോളജി ഓഫിസര്‍ ഡോ. സത്യ രാമസ്വാമി, ഗവര്‍ണന്‍സ് റെഗുലേറ്ററി കോംപ്ലിയന്‍സ് കോര്‍പറേറ്റ് അഫയേഴ്സ് ഗ്രൂപ് മേധാവി പി ബാലാജി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫെയ്സ് രണ്ടിലെ കാസ്പിയന്‍ ടെക്പാര്‍ക്ക്സിലാണ് എയര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് നിലകളിലായി വര്‍ക്ക് സ്റ്റേഷനുകള്‍, മീറ്റിങ് റൂമുകള്‍, കൊളാബറേഷന്‍ സ്പെയ്സുകള്‍, ചര്‍ച്ചാ കാബിനുകള്‍ തുടങ്ങിയവയാണുള്ളത്. ബോധി ട്രീ എന്ന പേരിലാണ് ഡിസൈന്‍ കൊളാബറേഷന്‍ മേഖല. തിരുവിതാംകൂര്‍, വേണാട്, കൊച്ചി, വള്ളുവനാട്, ഏറനാട്, കോഴിക്കോട്, അറക്കല്‍, കോട്ടയം, ചിറക്കല്‍ എന്നിങ്ങനെ കേരളത്തിലെ വിവിധ പഴയ രാജവംശങ്ങളുടെ പേരുകളാണ് വിവിധ നിലകള്‍ക്ക് നല്‍കിയിട്ടുള്ളത്.

എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, ആഗോള എയര്‍ലൈന്‍ വ്യവസായ മേഖലയിലെ ആദ്യ ജെന്‍ എഐ ചാറ്റ്ബോട്ടായ എയര്‍ ഇന്ത്യയുടെ ജനറേറ്റീവ് എഐ ചാറ്റായ എഐ.ജി, ഇന്‍ഫ്ളൈറ്റ് വിനോദ സംവിധാനങ്ങള്‍, നോട്ടിഫിക്കേഷനുകള്‍ തുടങ്ങി നിരവധി ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെ നൂതന സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്റര്‍ സഹായിക്കുമെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംപ്ബെല്‍ വില്‍സണ്‍ പറഞ്ഞു. ഡിജിറ്റല്‍ ടച്ച് പോയിന്റുകളിലൂടെയും നിര്‍മിത ബുദ്ധി പോലുള്ള സംവിധാനങ്ങളിലൂടെയും എയര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്റര്‍ തങ്ങളുടെ അതിഥികളുടെ അനുഭവങ്ങള്‍ വരും കാലങ്ങളില്‍ കൂടുതല്‍ മികച്ചതാക്കുമെന്ന് എയര്‍ ഇന്ത്യ ചീഫ് ഡിജിറ്റല്‍ ആന്റ് ടെക്നോളജി ഓഫിസര്‍ ഡോ. സത്യ രാമസ്വാമി പറഞ്ഞു.


error: Content is protected !!