

കൊല്ലം: പോലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി എ ഐ വൈ ഫെ് കൊല്ലം ജില്ലാ സമ്മേളനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും സമ്മേളനം ആരോപിക്കുന്നു.

പോലീസ് സേനയില്‍ ആര്‍ എസ് എസ് സ്ഥാനമുറപ്പിക്കുന്നത് മുഖ്യമന്ത്രിയും സര്‍ക്കാരും തിരിച്ചറിയുന്നില്ലെന്നു പറയുന്ന എ ഐ വൈ എഫ് ചില ഉദ്യോഗസ്ഥര്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് നിന്നും തയ്യാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് മുഖ്യമന്ത്രിക്ക് നല്കുന്നതെന്നും കുറ്റപ്പെടുത്തി. മാത്രമല്ല പ്രസ്തുത റിപ്പോര്‍ട്ടുകള്‍ കണ്ണടച്ച് വിശ്വസിച്ചാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കുന്ന സ്ഥിതിയാണ് മുഖ്യമന്ത്രിയുടേതെന്നും ചൂണ്ടിക്കാട്ടാനും എ ഐ എസ് എഫ് തയ്യാറായി. ഇത് അപകടകരമായ പ്രവണതയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
വിളക്കുടിയില്‍ വര്‍ക്ക്ഷോപ്പ് ഉടമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നെന്നും സമ്മേളനം വിമര്‍ശിച്ചു.

മന്ത്രി ജെ ചിഞ്ചു റാണി, ചാത്തന്നൂര്‍ എം എല്‍ എ ജി എസ് ജയലാല്‍, സി പി ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനത്തിന്റെ വിമര്‍ശനം.
മതമേലധ്യക്ഷന്‍മാര്‍ സംഘപരിവാറിന്റെ നാവായി മാറരുതെന്നും കേരളജനത എക്കാലവും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചിട്ടുള്ളവരാണെന്നും സമ്മേളം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ കേരളത്തിലുണ്ടാകാത്തത് കേരള സമൂഹത്തിന്റെ മഹത്തായ ജനാധിപത്യ മതേതര ബോധം കൊണ്ടാണെന്നും എ ഐ വൈ എഫ് ചൂണ്ടിക്കാട്ടി.
കേരള പൊലീസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ സി പി ഐ ദേശീയ നേതാവ് ആനിരാജയും ആരോപിച്ചിരുന്നു. ഈ ആരോപണത്തെ സി പി ഐയുടെ സംസ്ഥാന നേതാക്കള്‍ തള്ളിയെങ്കിലും യുവജന സംഘടന ഏറ്റുപിടിച്ചത് പാര്‍ട്ടിയെ ബുദ്ധിമുട്ടിലാക്കും.

