

ദോഹ: ഖത്തര്‍ എയര്‍വെയ്‌സിനെ ആഗോളതലത്തിലെ മികച്ച വിമാനക്കമ്പനികളിലൊന്നായി വികസിപ്പിച്ചെടുത്ത ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാക്കര്‍ സ്ഥാനമൊഴിയുന്നു. നവംബര്‍ അഞ്ചിനാണ് അദ്ദേഹം തന്റെ ഖത്തര്‍ എയര്‍വെയ്‌സ് കരിയര്‍ ലാന്റ് ചെയ്യുന്നത്.

അക്ബര്‍ അല്‍ബാക്കറിന്റെ പിന്‍ഗാമിയായി എന്‍ജിനിയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ സ്ഥാനമേല്‍ക്കും.

1993 നവംബര്‍ 22ന് രൂപീകൃതമായ ഖത്തര്‍ എയര്‍വെയ്‌സ് 1994 ജനുവരി 20നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നു പതിറ്റാണ്ട് തികയ്ക്കുന്ന ഖത്തര്‍ എയര്‍വെയ്‌സില്‍ 27 വര്‍ഷമാണ് അക്ബര്‍ അല്‍ബാക്കര്‍ സേവനം നടത്തിയത്.
അക്ബര്‍ അല്‍ ബാക്കറിന്റെ നേതൃത്വത്തിലാണ് ഖത്തര്‍ എയര്‍വേയ്സ് ആഗോളതലത്തില്‍ ഏറ്റവും തിരിച്ചറിയാവുന്നതും വിശ്വസനീയവുമായ ബ്രാന്‍ഡുകളിലൊന്നായി വളര്‍ന്നത്. ഉപഭോക്തൃ സേവന നിലവാരത്തിന്റെ പര്യായമായും ഖത്തര്‍ എയര്‍വേയ്‌സ് മാറി.
ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍’ പുരസ്‌ക്കാരം ഏഴു തവണയാണ് സ്വന്തമാക്കിയത്. അതോടൊപ്പം ഖത്തര്‍ എയര്‍വെയ്‌സ് ഹബ്ബായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായും പുരസ്‌ക്കാരം സ്വന്തമാക്കി.

