
മസ്‌ക്കത്ത്: മുസ്‌ലിം വേഷധാരിയുടെ കൈയ്യില്‍ തോക്ക് പിടിപ്പിച്ച് തീവ്രവാദിയായി ചിത്രീകരിച്ച് രണ്ടാം ക്ലാസിലെ ഇ വി എസ് ചോദ്യപേപ്പറില്‍ തിരുകിക്കയറ്റിയ സീബ് ഇന്ത്യന്‍ സ്‌കൂള്‍ നടപടി വിവാദത്തില്‍. ഇതേ ചോദ്യപേപ്പറില്‍ ഡോ. ബി ആര്‍ അംബേദ്ക്കറെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കാതെ അംബേദ്ക്കര്‍ എന്നുമാത്രം എഴുതുകയും ചെയ്തതും വിവാദമായിട്ടുണ്ട്.
ഇ വി എസ് ചോദ്യപേപ്പറിലെ 17-ാം ചോദ്യത്തിലാണ് തൊപ്പിയും താടിയും നമസ്‌ക്കാരത്തഴമ്പുമുള്ള ഒരാളെ കൈയ്യില്‍ തോക്കേന്തി ചിത്രീകരിച്ച് തീവ്രവാദിയാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ചെറിയ കുട്ടികളില്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ചോദ്യം തയ്യാറാക്കിയ സീബ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഇന്ത്യന്‍ സമൂഹത്തിന് പുറമേ ഒമാനിലെ സ്വദേശികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


താഴെ പറയുന്നതില്‍ സമൂഹത്തിന് സഹായി അല്ലാത്തത് ആര് എന്ന ചോദ്യത്തിന്റെ ഉത്തര സൂചികയായി നല്‍കിയ നാല് ഓപ്ഷനുകളില്‍ ആദ്യത്തേത് തീവ്രവാദിയെന്ന പേരില്‍ കൈയില്‍ തോക്കുമായി നില്‍ക്കുന്നയാളുടെ പടമാണ് ഉള്ളത്. മുസ്#ലിം ആണെന്ന് വ്യക്തമായി മനസ്സിലാകുന്ന തരത്തില്‍ ചിത്രത്തില്‍ ആവശ്യമായ എല്ലാ സൂചനകളും നല്കിയിട്ടുണ്ട്. കര്‍ഷകന്‍, തയ്യല്‍ക്കാരന്‍, പട്ടാളക്കാരന്‍ എന്നിവരാണ് ചിത്രങ്ങളിലെ മറ്റുള്ളവര്‍.

നാല് ഡോക്ടറേറ്റുകളും നിരവധി ബിരുദാനന്തര ബിരുദങ്ങളുമുള്ള ഡോ. ബി ആര്‍ അംബേദ്ക്കറെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കാതെ അംബേദ്ക്കര്‍ എന്നെഴുതുകയും ചെയ്തതിലൂടെ പരമത വിദ്വേഷത്തിന് പുറമേ ജാതിഭ്രാന്തും കൂടിയാണ് സ്‌കൂള്‍ അധികൃതര്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്ന പരാതിയും നിരവധി രക്ഷിതാക്കള്‍ ഉന്നയിച്ചു കഴിഞ്ഞു. പതിനെട്ടാമത്തെ ചോദ്യത്തിലാണ് ഡോ. അംബേദ്ക്കറെ ബഹുമാനിക്കാതെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചോാദ്യപേപ്പര്‍ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഏത് മതത്തിനെതിരെ വിദ്വേഷകരമായി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താലും കുറ്റകരമായി കണക്കാക്കുകയും ശിക്ഷ നല്കുകയും ചെയ്ത ഗള്‍ഫ് രാജ്യത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സ്വദേശികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യക്കാരുടെ മുഴുവന്‍ നേര്‍ക്കുമാണ് ഇത്തരം ജാതി- മത സ്പര്‍ധ മനസ്സില്‍ സൂക്ഷിക്കുന്ന ചോദ്യപേപ്പറുണ്ടാക്കുന്നവര്‍ ചെളി വാരി എറിയുന്നതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

