

ദോഹ: പബ്ലിക്ക് വര്‍ക്‌സ് അതോറിറ്റി (അശ്ഗാല്‍) ഡി റിംഗ് റോഡിലെ ഫരീജ് അല്‍ അലി ഇന്റര്‍സെക്ഷനിലെ അണ്ടര്‍പാസും കാര്യേജ് വേയും തുറന്നു. അല്‍ തദമന്‍ ഇന്റര്‍സെക്ഷനെന്നാണ് പൊതുവെ അറിയപ്പെടുന്നത്.

പുതിയ പാത തുറന്നതോടെ ഡി റിംഗ് റോഡിനും ദോഹ എക്‌സ്പ്രസ് വേയ്ക്കുമിടയില്‍ ഗതാഗതത്തിരക്ക് കുറക്കാനാവുന്നതിനോടൊപ്പം 70 ശതമാനം സമയം ലാഭിക്കാനുമാവും. നുഐജ, അല്‍ ഹിലാല്‍, ഓള്‍ഡ് എയര്‍പോര്‍ട്ട് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കും വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.


ഫരീജ് അല്‍ അലി, നുഐജ, ലുലു എന്നീ ഇന്റര്‍സെക്ഷനുകളും കാര്യേജ് വേയും തുറന്നതില്‍ ഉള്‍പ്പെടും. ഓരോ ദിശയിലേക്കും പാതകളുടെ എണ്ണം മൂന്നില്‍ നിന്ന് നാലായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കും റോഡിന്റെ ശേഷി മണിക്കൂറില്‍ പന്ത്രണ്ടായിരം വാഹനങ്ങള്‍ നിന്ന് പതിനാറായിരമായി ഉയര്‍ന്നു.
ദോഹ എക്‌സ്പ്രസ് വേയില്‍ നിന്ന് ഡി റിംഗ് റോഡിലേക്ക് ഒരുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫരീജ് അല്‍ അലി അണ്ടര്‍പാസ് മികച്ച ഗതാഗതം പ്രദാനം ചെയ്യും. തുരങ്കത്തില്‍ ഓരോ ദിശയിലേക്കും മൂന്ന് വരികളുള്ളതിനാല്‍ രണ്ട് ദിശകളിലേക്കും മണിക്കൂറില്‍ പന്ത്രണ്ടായിരം വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. യാത്രാ സമയത്തില്‍ ഏകദേശം അന്‍പത് ശതമാനം വരെ ലാഭം ലഭിക്കും.

മൈക്രോ ടണലിംഗ് വഴി മൂന്നര കിലോമീറ്റര്‍ മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖലയും അശ്ഗാല്‍ വികസിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം വെള്ളം, വൈദ്യുതി, ഡ്രെയിനേജ്, മറ്റ് ആശയവിനിമയ ശൃംഖലകള്‍ തുടങ്ങിയ അടിസ്ഥാന സേവനങ്ങളും പുനര്‍നിര്‍മിച്ചിട്ടുണ്ട്.

