

കോഴിക്കോട്: ആര്‍ എസ് എസിന്റെ അക്ഷര രഥം പരിപാടിയില്‍ പങ്കെടുത്ത പത്മശ്രീ അലി മണിക് ഫാന്‍ വിവാദത്തില്‍. കോഴിക്കോട് പന്തീരങ്കാവില്‍ എത്തിയ അക്ഷരരഥം ജാഥയുടെ സ്വീകരണ പരിപാടിയിലാണ് അലി മണിക്ഫാന്‍ പങ്കെടുത്തത്. സരസ്വതി വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി, ആരതിയുഴിഞ്ഞു സ്വീകരിച്ചതാണ് വിവാദമായത്. ബഹുദൈവാരാധനയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങില്‍ പങ്കെടുത്തത് എന്തിനാണെന്നും ഇത് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സാമൂഹ്യമാധ്യമ ഗ്രൂപ്പുകളില്‍ വീഡിയോ അടക്കം വൈറലായത്.


ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവും തന്റെ ഫെയ്‌സ്ബുക്കില്‍ ഇതിന്റെ ഫോട്ടോയും പങ്കുവെച്ചു.

ഇതോടെ മുസ്‌ലിം ഗ്രൂപ്പുകളിലെല്ലാം ആഗോള ഹിജ്‌റാ കലണ്ടര്‍ എന്ന അലി മണിക്ഫാന്റെ വാദഗതിയുമായി ഇതിനെ ബന്ധപ്പെടുത്തി പോസ്റ്റുകളും വരുവാന്‍ തുടങ്ങി. കൂടാതെ ഈയടുത്ത് അദ്ദേഹത്തിന് കിട്ടിയ പത്മശ്രീയുമായി പുതിയ വിവാദത്തെ ബന്ധപ്പെടുത്തിയും പോസ്റ്റുകള്‍ വരുവാന്‍ തുടങ്ങി. ഇതോടെ അലി മണിക്ഫാന്റെ ആരതിയുഴിയല്‍ വീണ്ടും വലിയ ചര്‍ച്ചയായി മാറി.
ഇതിനിടക്ക് അദ്ദേഹവുമായി ബന്ധപ്പെട്ട പലരും അലി മണിക്ഫാനെ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നതറിയിക്കണമെന്നാവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ടോടെ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ എന്തിനാണ് അക്ഷരരഥം പരിപാടിയില്‍ പങ്കെടുത്തതെന്നതിനെക്കുറിച്ച് വിശദീകരണം ഇറക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ നിന്ന്: പന്തീരങ്കാവിലെ സ്വീകരണത്തില്‍ ഞാന്‍ പങ്കെടുത്ത് ആരതി ഉഴിഞ്ഞ ചടങ്ങ് നിര്‍വഹിക്കേണ്ടി വന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു.ഇതില്‍ പ്രയാസപ്പെടുന്ന എല്ലാവരോടും ക്ഷമ ചോദിക്കുകയും എന്റെ അബദ്ധം ചൂണ്ടിക്കാണിച്ചവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ വിവാദ സംഭവത്തില്‍ എനിക്ക് അബദ്ധം സംഭവിച്ചതാണ്. ഒരു ലൈബ്രറി ഉദ്ഘാടനം എന്നോ മറ്റോ ആണ് ഞാന്‍ വിചാരിച്ചത്. ഈ പരിപാടിയുടെ രാഷ്ട്രീയ താല്പര്യങ്ങളൊന്നും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. പൊതുവില്‍ നിഷ്‌കളങ്കവും ശുദ്ധവും പോസിറ്റീവുമായി മാത്രം വിഷയങ്ങളെ സമീപിക്കുന്ന ആളാണ് ഞാനെന്ന് എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും ബോധ്യമുള്ളതാണല്ലോ. അതാണ് ഈ സംഭവത്തില്‍ എനിക്ക് വിനയായത്. പൂര്‍ണമായ ബോധ്യത്തോടെയല്ല ഈ ചടങ്ങില്‍ പങ്കെടുത്തതെങ്കിലും എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

