
ദോഹ: കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാര്‍ മൗലവി അല്‍ ഖാസിമി പ്രഭാഷണ പരമ്പരയ്ക്കായി ഖത്തറില്‍ എത്തുന്നു. ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലുള്ള ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജനുവരി 16, 17, 18 തിയ്യതികളില്‍ രാത്രി നമസ്‌കാരാനന്തരമാണ് പ്രഭാഷണം നടക്കുക. ജനുവരി 16 വെള്ളിയാഴ്ച ദോഹയിലെ ഫനാര്‍ ഓഡിറ്റോറിയത്തില്‍ ‘ഫിത്നകള്‍ക്കിടയിലെ വിശ്വാസദാര്‍ഢ്യം’ എന്ന വിഷയത്തിലും 17ന് രാത്രി വക്രയിലെ ഡി പി എസ് സ്‌കൂളിന് സമീപമുള്ള ഹംസ ബിന്‍ അബ്ദുല്‍ മുതലിബ് മസ്ജിദില്‍ ‘മുസ്ലിം കുടുംബവും നവകാല വെല്ലുവിളികളും’ എന്ന വിഷയത്തിലും 18ന് രാത്രി ബിന്‍ മഹ്മൂദിലെ ഈദ്ഗാഹിന് സമീപമുള്ള ഇസ്മാഈല്‍ ബിന്‍ അലി അല്‍ ഇമാദി മസ്ജിദില്‍ ‘റമദാന്‍: ആത്മീയതയുടെ വസന്തം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ മതപ്രഭാഷണ മേഖലയില്‍ ഏറെ പ്രഗത്ഭനായ അലിയാര്‍ മൗലവി രണ്ടാം തവണയാണ് ഖത്തറില്‍ എത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55902300, 70826157 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

