

ആലുവ: ആലുവയില്‍ പുതിയ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനായി മുനിസിപ്പാലിറ്റി തയ്യാറാക്കി കേരള സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ 48.23 കോടി രൂപയുടെ അനുമതി നല്കിയതിന് പിന്നാലെ കേരള സര്‍ക്കാര്‍ 50 കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷന്‍ നല്‍കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവര്‍ അറിയിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ് ആലുവയിലെ മാര്‍ക്കറ്റ്.

കേരള സംസ്ഥാന കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനില്‍ നിന്നും ഈ പദ്ധതിയുടെ ടെക്നിക്കല്‍ സാംഗ്ഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുമെന്ന് എം എല്‍ എയും ചെയര്‍മാനും പറഞ്ഞു.

പുതുതായി നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിന്റെ രൂപരേഖ പ്രകാരം ബേസ്മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, മെസാനിന്‍ ഫ്‌ളോര്‍, ഒന്നാം നില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടി (ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി മുന്നൂറ്റി എട്ട്)യിലാണ് നിര്‍മ്മാണം നടത്തുക. ഇതില്‍ റസ്റ്റോറന്റും സൂപ്പര്‍മാര്‍ക്കറ്റും കൂടാതെ 88 ഷോപ്പുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലേഡീസ്, ജെന്റ്‌സ്, ട്രാന്‍സ്‌ജെന്റേഴ്സ്, ശാരീരിക പരിമിതിയുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേകം ടോയ് ലെറ്റുകള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, പ്രായാധിക്യമുള്ളവര്‍ക്ക് തെന്നാത്ത ടൈലുകള്‍ പതിച്ച റാമ്പ് എന്നീ സംവിധാനവും മാര്‍ക്കറ്റ് സമുച്ചയത്തില്‍ ഉണ്ടായിരിക്കും.
മല്‍സ്യമാംസാദികള്‍ ശീതീകരിച്ചുവയ്ക്കുന്നതിനും അതിനാവശ്യമായ ഒരുക്കങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യവും മലിനജലം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ്‌മെന്റ് പ്ലാന്റും പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും ഇങ്ങനെ ഏറ്റവും നൂതനമായ എല്ലാ സംവിധാനങ്ങളോടു കൂടിയ മാര്‍ക്കറ്റ് സമുച്ചയമായിരിക്കും അനുമതി ലഭിച്ച പദ്ധതിയില്‍ നിര്‍മ്മിക്കുന്നത്.
ആലുവയിലെ വ്യാപാരി വ്യവസായികളുടേയും പൊതുസമൂഹത്തിന്റേയും വളരെക്കാലത്തെ സ്വപ്ന പദ്ധതിയായ ആലുവ മാര്‍ക്കറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതോടെ യാഥാര്‍ഥ്യമാകുകയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവര്‍ അറിയിച്ചു.

