

ദോഹ: ഖത്തര്‍ അമീരി വ്യോമസേനയുടെ യൂറോഫൈറ്റല്‍ ടൈഫൂണ്‍ വിമാനത്തിന്റെ ആദ്യബാച്ച് ദുഖാന്‍ എയര്‍ബേസില്‍ എത്തി. എഫ്15-ക്യു എ, റാഫേല്‍ വിമാനങ്ങളുടെ സ്‌ക്വാഡ്രണിലെത്തിയ പുതിയ വിമാനം (അല്‍ ദാരിയത്ത്) സ്വീകരിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമെത്തി.

വിമാനത്തിന്റെ തത്സമയ എയര്‍ഷോയില്‍ അമീര്‍ പങ്കെടുത്തു. തുടര്‍ന്ന് ഏവിയേഷന്‍ വിംഗ് കമാന്‍ഡ് ബില്‍ഡിംഗ് നമ്പര്‍ 6 (റാഫേല്‍), ഉടന്‍ പറന്നുയരുന്ന കെട്ടിടം, കണ്‍ട്രോള്‍ ടവര്‍, എയര്‍ ഓപറേഷന്‍സ് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന ദുഖാന്‍ എയര്‍ബേസില്‍ അമീര്‍ പര്യടനം നടത്തി. ഖത്തര്‍ അമീരി വ്യോമസേനയുടെ വികസനവുമായി ബന്ധപ്പെട്ട വ്യോമദൗത്യങ്ങളേയും പ്രവര്‍ത്തനങ്ങളേയും നൂതന സംവിധാനങ്ങളേയും സാങ്കേതിക വിദ്യകളേയും കുറിച്ച് അമീറിന് വിശദീകരണം നല്കി.

ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ, ഖത്തര്‍ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) സലേം ബിന്‍ ഹമദ് ബിന്‍ അഖീല്‍ അല്‍ നാബിത്, ഖത്തര്‍ അമീരി എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ (പൈലറ്റ്) ജാസിം മുഹമ്മദ് അല്‍ മന്നായി, ഖത്തര്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അമീറിനൊപ്പമുണ്ടായിരുന്നു.

