
ദേശം: കഠിനമായ കായികക്ഷമതാ മത്സരമായ ‘ലോക അയണ്മാന് പട്ടം’ കരസ്ഥമാക്കിയ ആലുവ സ്വദേശി അബ്ദുല്‍ സമീഹിന്റെ ജീവിത ചരിത്രം വിവരിക്കുന്ന പുസ്തകം ഒരു അയണ്‍മാന്റെ കഥ ഇരുമ്പു മനുഷ്യന് മുഖ്യമന്ത്രി വി ഡി സതീശന് പ്രകാശനം ചെയ്തു. 2025ല്‍ ഡെന്മാര്ക്കില് സംഘടിപ്പിച്ച ലോക പ്രശസ്ത ‘അയണ്മാന് ട്രയാത് ലണ്’ മത്സരമാണ് വിജയകരമായി പൂര്‍ത്തിയാക്കി ‘അയണ്മാന്’ പദവി സമീഹ് നേടിയെടുത്തത്.

മനസ്സും ശരീരവും ഇരുമ്പു പോലെ ദൃഢമാക്കിയാണ് അത്യപൂര്‍വ്വമായി മാത്രം കൈവരിക്കാനാകുന്ന ഈ നേട്ടം സമീഹ് കൈവരിച്ചത്. സാധാരണ കുടുംബത്തില്‍ ജനിച്ച സമീഹിന്റെ ബാല്യവും യൗവ്വനവും പഠനവും ക്ലേശകരമായിരുന്നു. ജീവിതത്തില്‍ പല തിക്താനനുഭവങ്ങളും താണ്ടിയ സമീഹ് ത്യാഗത്തിലൂടെയും കഠിനപ്രയത്നത്തിലൂടേയും നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് ഓരോ പടവുകള്‍ താണ്ടി വിജയഗാഥ രചിച്ചത്.

ട്രയാത് ലോണ്‍ മേഖലയില്‍ ലോകത്ത് ഏറ്റവും വലിയ മത്സരമാണ് അയണ്മാന്. 3.8 കിലോമീറ്റര്‍ ദൂരം ആഴക്കടലില്‍ നീന്തിയും 180 കിലോമീറ്റര്‍ ദൂരം സൈക്കിളിങ്ങും 42.2 കിലോമീറ്റര്‍ ഓട്ടവും പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് ‘അയണ്മാന്’ ആകാനാവുക.
2002 മുതല്‍ യു എ ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന സമീഹ് 2010ല്‍ ദുബായിയിലെ മംസാര്‍ എന്ന സ്ഥലത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന്
ഇടത് കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടി വന്നു. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ പിറകോട്ടായിരുന്ന സമീഹ് ഇന്ന് സംരംഭകനായും വീക്കെന്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍, വെല്‍ത്ത് ട്രെയിനര്‍, ട്രാന്സ്ഫര്മേഷന് കോച്ച് എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളില്‍ സജീവമാണ്.
ആലുവ തുരുത്തില് പരേതനായ പുളിക്കായത്ത് വീട്ടില്‍ അബ്ദുല്‍ റഹ്മാന്റെയും ജമീലയുടെയും മകനാണ് അബ്ദുസമീഹ്. ഭാര്യ: ഷെറിന്. മക്കള്‍: യാസിന്, അയാന്.
മാധ്യമ പ്രവര്ത്തകന് പ്രഫ. അബ്ദുല്‍ കരീമാണ് (നിയാസ് കരീം) സമീഹിന്റെ ജീവിതയാത്രകള്‍ വിവരിക്കുന്നത്. പുസ്തക പ്രകാശന ചടങ്ങില്‍ രചയിതാവ് നിയാസ് കരീം, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെര്‍ളി കപ്രശ്ശേരി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീദേവി മധു, വാര്‍ഡ് അംഗം പി എം എ ഷരീഫ് ഹാജി, നഹാസ് കളപ്പുരയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

