
ദാക്കര്‍: നാലാമത് യൂത്ത് ഒളിമ്പിക് ഗെയിംസായ ദാക്കര്‍ 2026-ല്‍ പങ്കെടുത്ത ഖത്തറിന്റെ യുവതാരങ്ങള്‍ വിലപ്പെട്ട ഒളിമ്പിക് അനുഭവങ്ങളുമായി മടങ്ങുന്നു. വെള്ളിയാഴ്ച ഡയാംനിയാഡിയോയിലെ യൂത്ത് ഒളിമ്പിക് വില്ലേജില്‍ നടന്ന സമാപനച്ചടങ്ങില്‍ പങ്കെടുത്തതോടെയാണ് ഖത്തര്‍ ടീമിന്റെ മത്സരയാത്രയ്ക്ക് തിരശ്ശീല വീണത്. സമാപനച്ചടങ്ങില്‍ ഖത്തര്‍ സംഘത്തെ പ്രതിനിധീകരിച്ച് ഇദ്രിസ് അബൂബക്കര്‍ ദേശീയ പതാകയേന്തി.

കായികം, സംസ്‌കാരം, കലാപരിപാടികള്‍ എന്നിവ സമന്വയിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ ആഫ്രിക്കന്‍ ജനതയുടെ സാംസ്‌കാരിക വൈവിധ്യവും പൈതൃകസമ്പത്തും പ്രതിഫലിച്ചു. ദാക്കര്‍ 2026 സംഘാടക സമിതി പ്രസിഡന്റ്, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ ഒ സി) പ്രസിഡന്റ് കിര്‍സ്റ്റി കോവെന്‍ട്രി തുടങ്ങിയ പ്രമുഖരും വിവിധ രാജ്യങ്ങളില്‍നിന്നുള്ള കായികരംഗത്തെ നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. താരങ്ങള്‍ക്കും അംഗീകൃത പ്രതിനിധികള്‍ക്കും മാത്രമായിരുന്നു പ്രവേശനം. യൂത്ത് ഒളിമ്പിക് ദീപം അണച്ചതും വിവിധ സംഗീതപരിപാടികളും സമാപനച്ചടങ്ങിന് മിഴിവേകി.

മത്സരവേദികളില്‍ ഖത്തറിന്റെ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ദാന സലേം വെങ്കല മെഡല്‍ നേടി. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇദ്രിസ് അബൂബക്കര്‍ 13.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വ്യക്തിഗത മികച്ച സമയത്തോടെ ആറാം സ്ഥാനത്തെത്തി.
നീന്തലില്‍ 200 മീറ്റര്‍ ബ്രെസ്റ്റ്സ്‌ട്രോക്കിന്റെ ഫൈനലിലെത്തിയ ആദം മോര്‍സി 2 മിനിറ്റ് 17.7 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഖത്തറിന്റെ സീനിയര്‍ വിഭാഗത്തിലെ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. ഫോയില്‍ ഫെന്‍സിങ് മത്സരത്തില്‍ അദ്ഹം അല്‍ ദീബ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കും മുന്നേറി.
ദാക്കര്‍ 2026-ലെ ഖത്തര്‍ സംഘത്തലവന്‍ നാജി അല്‍ അമാരി മത്സരങ്ങളുടെ പ്രാധാന്യം ഫലങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും അപ്പുറമാണെന്ന് ചൂണ്ടിക്കാട്ടി. യൂത്ത് ഒളിമ്പിക് ഗെയിംസിലെ പങ്കാളിത്തം യുവതാരങ്ങള്‍ക്ക് വിലപ്പെട്ട ഒളിമ്പിക് അനുഭവങ്ങള്‍ നേടാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കൊപ്പം മത്സരിക്കാനും അവസരമൊരുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ വ്യക്തിത്വവികസനത്തിനും മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിബദ്ധതയും കായികമനോഭാവവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഖത്തര്‍ താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തറിന്റെ കായികരംഗത്തിന്റെയും യുവജനതയുടെയും പ്രതിനിധികളെന്ന നിലയില്‍ അവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ദാക്കറില്‍നിന്ന് നേടിയ അനുഭവസമ്പത്ത് ഭാവിയിലെ കായിക- ഒളിമ്പിക് വെല്ലുവിളികള്‍ നേരിടാന്‍ താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
മൂന്ന് കായിക ഇനങ്ങളിലായി നാല് താരങ്ങളാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. നീന്തലില്‍ ആദം മോര്‍സിയും അത്ലറ്റിക്‌സില്‍ ദാന സലേമും ഇദ്രിസ് അബൂബക്കറും ഫെന്‍സിങ്ങില്‍ അദ്ഹം അല്‍ ദീബുമാണ് മത്സരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഏകദേശം 2,700 താരങ്ങള്‍ പങ്കെടുത്ത ഗെയിംസില്‍ 25 കായിക ഇനങ്ങളിലായി 153 മെഡല്‍ മത്സരങ്ങളാണ് അരങ്ങേറിയത്. മെഡല്‍ നല്‍കാത്ത 10 ഇനങ്ങളിലെ വിനോദ- പങ്കാളിത്ത മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ദാക്കര്‍, ഡയാംനിയാഡിയോ, സാലി എന്നീ വേദികളിലായി 15 ദിവസമാണ് മത്സരങ്ങളും അനുബന്ധ പരിപാടികളും നടന്നത്.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദാക്കര്‍ 2026-ല്‍ 15 മുതല്‍ 17 വയസ്സുവരെയുള്ള താരങ്ങളാണ് പങ്കെടുത്തത്. യൂത്ത് ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ചരിത്രനേട്ടം സെനഗലിന് സ്വന്തമായി. ആഫ്രിക്കന്‍ വന്‍കരയില്‍ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പുതിയ സാധ്യതകള്‍ തുറക്കുന്നതിനും ദാക്കര്‍ ഗെയിംസ് വഴിയൊരുക്കി.

