

ദോഹ: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലപ്പുറം കോട്ടക്കല്‍ പാലപ്പാറ പരവക്കല്‍ ഷബീര്‍അലി (36) ഖത്തറില്‍ നിര്യാതനായി. മൊബൈല്‍ ആക്സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു.

രോഗബാധയെ തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്ന ഷബീര്‍ അലി, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

ഖത്തര്‍ കെ എം സി സി കോട്ടക്കല്‍ മണ്ഡലം പ്രവര്‍ത്തകനാണ്.
സൈതലവി പരവക്കല്‍ ആണ് പിതാവ്. മാതാവ് നദീറ. ഭാര്യ: ബുഷ്‌റ. മക്കള്‍: അഖിന്‍ മുഹമ്മദ്, ആലിയ. സഹോദരങ്ങള്‍: റജീന, ഷബീബ.
ഷബീര്‍ അലിയുടെ രോഗ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കളും കുടുംബവും സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവര്‍ നാട്ടിലേക്ക് മടങ്ങി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന സമിതി അംഗങ്ങള്‍ അറിയിച്ചു.

