

ദുബൈ: പ്രവാസികളുടെ പാസ്പോര്‍ട്ടില്‍ താമസ വിസ പതിക്കുന്ന പതിവ് യു എ ഇ നിര്‍ത്തലാക്കുന്നു. പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ ഡി ഉപയോഗിക്കാനാണ് തീരുമാനം.

ഏപ്രില്‍ 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 11ന് ശേഷം പാസ്പോര്‍ട്ടില്‍ താമസ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് നിര്‍ത്തലാക്കുകയാണെന്ന് അല്‍ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫെഡറല്‍ അതോറിറ്റിയുടെ അറിയിപ്പിനെ ആധാരമാക്കിയാണ് വാര്‍ത്ത.

വിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐ ഡി ഉപയോഗിക്കാനാണ് തീരുമാനം. വിദേശത്ത് നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാനക്കമ്പനികള്‍ക്ക് പാസ്പോര്‍ട്ട് നമ്പറും എമിറേറ്റ്സ് ഐ ഡിയും പരിശോധിച്ചാല്‍ യാത്രക്കാരന്റെ വിസാ വിവരങ്ങള്‍ ലഭ്യമാകും. യു എ ഇയില്‍ താമസ വിസയില്‍ എത്തുന്നവര്‍ മെഡിക്കല്‍ പരിശോധനയും ഫിംഗറും മറ്റും പൂര്‍ത്തിയാക്കി രണ്ട് മുതല്‍ പത്ത് വര്‍ഷത്തേക്ക് വരെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുമായിരുന്നു. തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ ഡി ലഭ്യമാവുകയും ചെയ്യും.
പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യു എ ഇ എമിറേറ്റ്സ് ഐ ഡി കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് പരിഷ്‌കരിച്ചിരുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ക്യാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങള്‍ നവീകരിക്കുന്നത്.

