

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എ മണപ്പുറം സന്ദര്‍ശിച്ച് ആലുവ ശിവരാത്രിയോടനുബന്ധിച്ച് നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്തി. മുനിസിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍, ദേവസ്വം അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ഒ ജി ബിജൂ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ഫാസില്‍ ഹുസൈന് എന്നിവര്‍ എം എല്‍ എയുടെ കുടെയുണ്ടായിരുന്നു.

ശിവരാത്രിയോടനുബന്ധിച്ച് വാട്ടര്‍ അതോറിറ്റി മണപ്പുറത്ത് കുടിവെള്ള സൗകര്യം ഒരുക്കുന്നത് ഈ വര്‍ഷം കാണാത്തതിനെ തുടര്‍ന്ന് എം എല്‍ എ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയനെ വിളിച്ച് അടിയന്തിരമായി ആവശ്യമായ പൊതു ടാപ്പ് വെള്ള സംവിധാനം ഒരുക്കണമെന്നു നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മണപ്പുറത്തെ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ ആറു ടാപ്പുകള്‍ സ്ഥാപിച്ചു കുടിവെള്ളം എത്തിക്കുമെന്നും കൂടാതെ മണപ്പുറത്ത് ദേവസ്വം ഒരുക്കിയിരിക്കുന്ന കുടിവെള്ള ടാങ്കുകളിലേക്ക് ആവശ്യമായ കുടിവെള്ളം ദേവസ്വം, വാട്ടര്‍ ടാങ്കര്‍ ലോറികള്‍ അയക്കുന്ന മുറക്ക് നല്‍കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചതായും എം എല്‍ എ പറഞ്ഞു.
