

ആലുവ: ആലുവ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ നിലവിൽ ഹോമിയോ ഡിസ്‌പെൻസറി ഇല്ലെന്നും ഹോമിയോ ഡിസ്‌പെൻസറി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുൻപ് പല പ്രാവശ്യം നിയമസഭയിലും മന്ത്രിക്ക് കത്തെഴുതിയും നിരന്തരം നേരിൽ കണ്ടും ആവശ്യപ്പെട്ടതാണെന്നും എന്നാൽ ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നും അൻവർ സാദത്ത് എം എൽ എ നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചുകൊണ്ടു പറഞ്ഞു.

എല്ലാ വിധത്തിലുള്ള ചികിത്സയും എല്ലാ ജനങ്ങൾക്കും കിട്ടണമെന്നും അതുകൊണ്ട് അലോപ്പതി, ആയുർവേദം ചികിത്സയോടൊപ്പം ഹോമിയോ ചികിത്സയും ആലുവയിൽ ലഭ്യമാക്കേണ്ടതുണ്ടെന്നും കഴിഞ്ഞ പ്രാവശ്യം അനുവദിച്ചപ്പോൾ ഹോമിയോ ഡിസ്‌പെൻസറി ലഭിക്കുമെന്ന വിശ്വാസത്തിൽ അതിനായി കെട്ടിടംപോലും ആലുവ മുൻസിപ്പാലിറ്റി തയ്യാറാക്കിയിരുന്നെന്നും അതുകൊണ്ട് ഈ പ്രാവശ്യം ആലുവ മുൻസിപ്പാലിറ്റിയിൽ ഹോമിയോ ഡിസ്‌പെൻസറി അനുവദിക്കുമോ എന്നും എം എൽ എ സബ് മിഷനിൽ ചോദിച്ചു. അനുഭാവപൂർവ്വമായ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എം എൽ എ പറഞ്ഞു.

എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്‌പെൻസറി ഉണ്ടാകണമെന്നത് സർക്കാരിന്‍റെ പ്രഖാപിത ലക്ഷ്യമാണെന്നും ആലുവ മുൻസിപ്പാലിറ്റിയിലും ഡിസ്‌പെൻസറി ഉണ്ടാകുമെന്നും നാഷണൽ ഹെൽത്ത് മിഷന്‍റെ കാരുണ്യ പദ്ധതിയിൽ പെടുത്തി ഡിസ്‌പെൻസറികൾ ആരംഭിക്കുന്ന പദ്ധതിയാണ് സർക്കാരിന്‍റെ സജീവ പരിഗണയിലുള്ളതെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും അതുകൊണ്ട് ആലുവ മുനിസിപ്പാലിറ്റിയിലും ഹോമിയോ ഡിസ്‌പെൻസറി അനുവദിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് സബ്മിഷന് സഭയിൽ മറുപടി നൽകി.
