
തൃശൂര്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും ഫെമിനിച്ചി ഫാത്തിമയിലെ വേഷത്തിന് ഷംല ഹംസ മികച്ച നടിയുമായി. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശത്തിന് ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി.

ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയിലൂടെ എട്ടാം തവണയാണ് മമ്മൂട്ടി സംസ്ഥാന പുരസ്‌ക്കാരം നേടുന്നത്. തന്റെ രണ്ടാമത്തെ സിനിമയായ ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമയെന്ന വീട്ടമ്മയുടെ മികവുറ്റ അഭിനയമാണ് ഷംലയെ സംസ്ഥാന പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. കുടുംബ സമേതം യു എ ഇയില്‍ താമസിക്കുന്ന ഷംലയുടെ നേട്ടം പ്രചോദനം നല്‍കുന്നതാണ്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് മമ്മൂട്ടി മികച്ച നടനുള്ള അവസാന വട്ടത്തിലെത്തുന്നത്. 2022 നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയ മമ്മൂട്ടി 2023ല്‍ കാതല്‍ ദി കോറിലും കണ്ണൂര്‍ സ്‌ക്വാഡിലുമായി അവസാന റൗണ്ടിലെത്തിയെങ്കിലും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജാണ് പുരസ്‌ക്കാരം നേടിയത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധാനം നിര്‍വഹിച്ച ചിദംബരം മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം നേടി. മഞ്ഞുമ്മല്‍ ബോയ്‌സാണ് മികച്ച ചിത്രം. മികച്ച ചിത്രം, സംവിധായകന്‍, സ്വഭാവനടന്‍, ഛായാഗ്രാഹകന്‍, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപകല്‍പ്പന, കളറിസ്റ്റ് എന്നിങ്ങനെ പത്ത് പുരസ്‌ക്കാരങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.
മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌ക്കാരം പ്രേമലു സ്വന്തമാക്കി. നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് നേടി.
ലെവല്‍ക്രോസ്, കിഷ്‌കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ആസിഫ് അലിയുടെ പ്രത്യേക പരാമര്‍ശത്തിന് കാരണമായത്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയാണ് ടോവിനോയ്ക്ക് നേട്ടമായത്.
മികച്ച സ്വഭാവ നടനായി മഞ്ഞുമ്മല്‍ ബോയ്‌സില്‍ സൗബിന്‍ ഷാഹിറും ഭ്രമയുഗത്തിലെ അഭിനയത്തിന് സിദ്ധാര്‍ഥ് ഭരതനും സ്വഭാവ നടിയായി നടന്ന സംഭവത്തില്‍ ലിജോമോളും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായകനായി ഹരിശങ്കറും ഗായികയായി സെബ ടോമിയും ഗാനരചയിതാവായി വേടനും പുരസ്‌ക്കാരങ്ങള്‍ നേടി. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി സയനോര ഭാസി വൈക്കവും നേട്ടം കൊയ്തു.
നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ ചലച്ചിത്ര പുരസ്‌ക്കാര അന്തിമ ജൂറി വിലയിരുത്തിയ പുരസ്‌ക്കാരങ്ങള്‍ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്.
കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിപ്പിച്ച വിജയരാഘവന്‍, അവേശത്തിലെ രംഗണ്ണനായ ഫഹദ് ഫാസില്‍ എന്നിവരും മികച്ച നടന്മാരുടെ പട്ടികയിലെത്തിയിരുന്നു.

