

ദോഹ: ഫലസ്തീനിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് മൊതാസ് അസൈസ ഖത്തറിലെത്തി. നൂറിലേറെ ദിവസങ്ങളാണ് അദ്ദേഹം ജീവന്‍ പണയപ്പെടുത്തി ഗാസയിലെ യുദ്ധം രേഖപ്പെടുത്തിയത്.

ഇന്‍ശാ അല്ലാഹ് ഞാന്‍ തിരികെയെത്തി ഗാസ പുനര്‍നിര്‍മാണത്തില്‍ കൂടെയുണ്ടാകുമെന്ന് ഇന്‍സ്റ്റാഗ്രാമിലെ വീഡിയോയില്‍ അറിയിച്ച അദ്ദേഹം എന്തുകൊണ്ടാണ് ഗാസ വിടുന്നതെന്ന് വിശദമാക്കിയില്ല. ചില കാരണങ്ങള്‍ നിങ്ങള്‍ക്കറിയാമെന്നും എല്ലാം അറിയില്ലെന്നും അദ്ദേഹം കുറിച്ചു. ഗാസയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാനും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഈജിപ്തിലെ എല്‍ അരിഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഖത്തറി സൈനിക വിമാനത്തില്‍ലാണ് ഖത്തറിലെത്തിയത്.
ഗാസയിലെ ഇസ്രായേലി അതിക്രമങ്ങള്‍ ശക്തമായി ചിത്രീകരിച്ച അസൈസയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 18 ദശലക്ഷത്തിലധികവും എക്സില്‍ ഒരു ദശലക്ഷത്തിലേറെയും ഫോളോവേഴ്‌സുണ്ട്.
ഹൃദയസ്പര്‍ശിയായ വീഡിയോയില്‍ സാഹചര്യത്തിന്റെ തീവ്രത പ്രകടിപ്പിച്ച് അസൈസ തന്റെ പ്രിയപ്പെട്ടവരോട് വിട പറഞ്ഞു. ‘ഈ ഭാരമേറിയ, ദുര്‍ഗന്ധം വമിക്കുന്ന വസ്ത്രവുമായി നിങ്ങള്‍ എന്നെ അവസാനമായി കാണുന്നത് ഇന്നാണ് എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
സുഹൃത്തുക്കളുടെയും സഹ പത്രപ്രവര്‍ത്തകരുടെയും സഹായത്തോടെ അദ്ദേഹം തന്റെ ‘പ്രസ്സ്’ ജാക്കറ്റ് അഴിച്ചുമാറ്റുന്നതും വീഡിയോയിലുണ്ട്.
വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം താന്‍ ഖത്തറില്‍ എത്തിയതായി അദ്ദേഹം അറിയിച്ചു. തന്റെ ഇപ്പോഴത്തെ ലൊക്കേഷന്‍ ദോഹ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘തകര്‍ന്ന ഹൃദയത്തോടും കണ്ണുനീരോടും കൂടിയാണ് ഞാന്‍ യാത്രയായത്. 108 ദിവസങ്ങള്‍ക്ക് ശേഷവും മറ്റൊരു മാര്‍ഗവുമില്ല. ഞങ്ങള്‍ക്കെതിരായ ഇസ്രായേലി കൂട്ടക്കൊലകള്‍ ആരും തടഞ്ഞില്ല. എനിക്ക് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടിവന്നു. കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയും, യുദ്ധം നിര്‍ത്താനും ഗാസ പുനര്‍നിര്‍മ്മിക്കാനും ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു. ഞാന്‍ ഖത്തറില്‍ എത്തിയിരിക്കുന്നു. നന്ദി.’
24കാരനായ ഫോട്ടോ ജേണലിസ്റ്റ് തന്റെ റിപ്പോര്‍ട്ടിംഗിന് അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. ജിക്യു മിഡില്‍ ഈസ്റ്റ് മാസികയുടെ 2023 ഡിസംബര്‍ ലക്കത്തിന്റെ ഒന്നാം പേജില്‍ ‘മാന്‍ ഓഫ് ദ ഇയര്‍’ എന്ന പദവി നേടി. കൂടാതെ, ‘സീയിംഗ് ഹേര്‍ ത്രൂ മൈ ക്യാമറ’ എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോകളിലൊന്ന് ടൈം മാഗസിന്റെ 2023-ലെ മികച്ച 10 ഫോട്ടോകളില്‍ ഉള്‍പ്പെടുന്നു. ഇസ്രായേല്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് അല്‍ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു പെണ്‍കുട്ടിയെയാണ് ആ ഫോട്ടോയില്‍ ദൃശ്യവത്ക്കരിച്ചിരുന്നത്.
2023 ഒക്ടോബറില്‍ അസൈസയുടെ കുടുംബത്തിലെ 15 അംഗങ്ങള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ഗാസയിലെ ദൈനംദിന ജീവിതത്തില്‍, പ്രത്യേകിച്ച് തെരുവ്, പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അസൈസയുടെ പ്രവര്‍ത്തനം 2014ലും 2021ലും നടന്ന യുദ്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ കവര്‍ ചെയ്യുന്നതിലേക്ക് മാറി.
പുറത്തു നിന്നുള്ള മാധ്യമങ്ങള്‍ക്ക് അപ്രാപ്യമായ ഗാസയിലെ സംഭവഗതികള്‍ ലോകത്തെത്തിക്കുന്നതില്‍ മൊതാസ് അസൈസയും അദ്ദേഹത്തിന്റെ സഹ പത്രപ്രവര്‍ത്തകരും നിര്‍ണായക പങ്കാണ് വഹിച്ചത്. ഗാസയ്ക്ക് പുറത്തുള്ള ലോകത്തിന് അവശ്യ ഫൂട്ടേജുകള്‍ നല്‍കിയും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും നല്‍കുന്നതായിരുന്നു ഇവരുടെ ചിത്രങ്ങളും വീഡിയോകളും.
അല്‍ ജസീറയുടെ ഗാസ ബ്യൂറോ ചീഫായ വാല്‍ എല്‍-ദഹ്ദൂഹിനും നിരവധി ബന്ധുക്കളെ നഷ്ടപ്പെടുകയും യുദ്ധത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഗാസ വിട്ട് ഖത്തറിലെത്തിയ അദ്ദേഹം നിലവില്‍ ചികിത്സയിലാണുള്ളത്.

