

ദോഹ: വില കൂടിയ റോളക്‌സ് വാച്ച് പെട്രോള്‍ പമ്പിലെ റെസ്റ്റ് റൂമില്‍ മറന്നു വെച്ചത് മണിക്കൂറുകള്‍ക്ക് ശേഷം അന്വേഷിച്ചെത്തിയപ്പോള്‍ തിരികെ കിട്ടിയത് ഖത്തറിലെ സുരക്ഷിതത്വത്തിന്റെ തെളിവെന്ന് യു എ ഇയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ സുഹൃത്ത് തന്റെ റോളക്‌സ് വാച്ച് പെട്രോള്‍ സ്‌റ്റേഷനിലെ റെസ്റ്റ് റൂമില്‍ മറന്നുവെക്കുകയായിരുന്നു. അവിടെ നിന്നും മടങ്ങിപ്പോയ അദ്ദേഹം എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 മത്സരം കണ്ടതിന് ശേഷമാണ് വാച്ചിനെ കുറിച്ച് ഓര്‍ത്തതെന്നും അദ്ദേഹം സ്‌നാപ്ചാറ്റില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ പറയുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം പെട്രോള്‍ സ്‌റ്റേഷനില്‍ തിരികെയെത്തി വാച്ചിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് സുരക്ഷിതമായി പെട്രോള്‍ പമ്പ് മാനേജ്‌മെന്റ് സൂക്ഷിച്ചുവെച്ചിരുന്നു. തന്റെ വിലയേറിയ വാച്ച് തിരികെ കിട്ടിയപ്പോള്‍ അത്ഭുതപ്പെട്ടു പോയതായി സുഹൃത്തിനെ ഉദ്ധരിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്നു.
വാച്ച് ആരാണ് ഏല്‍പ്പിച്ചതെന്ന അന്വേഷണത്തിന് റെസ്റ്റ് റൂം വൃത്തിയാക്കുന്ന ജീവനക്കാരനാണെന്ന മറുപടിയാണ് ലഭിച്ചത്. അദ്ദേഹം ജീവനക്കാരെ കാണുകയും നന്മ നിറഞ്ഞ പ്രവൃത്തിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

