

ദോഹ: ന്യൂനപക്ഷ ശാക്തീകരണത്തിന്റെ അനിവാര്യത എന്ന വിഷയത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദോഹയിലെ കെ എം സി സി ഹാളില്‍ നടന്ന സെമിനാര്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ ഉദ്ഘാടനം ചെയ്തു.

സിജി ഇന്ത്യ പ്രസിഡന്റ് ഡോ. എ ബി മൊയ്തീന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാ അവകാശങ്ങള്‍ നേടിയെടുക്കല്‍ നമ്മുടെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നീ മേഖലകളില്‍ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം ശുഷ്‌കമാണ്.

രാജ്യത്തെ ഓരോ വിഭാഗങ്ങള്‍ക്കും ഓരോ മേഖലകളിലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമ്പോഴേ ജനാധിപത്യം അര്‍ഥപൂര്‍ണമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്ക കാലം മുതല്‍ സിജി ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ പിന്തുണ നിര്‍ലോഭമായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.
കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. സിജി ജനറല്‍ സെക്രട്ടറി ഡോ. ഇസഡ് എ അശ്‌റഫ്, മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് റിസര്‍ച്ച് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു.
ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ആശംസ അര്‍പ്പിച്ചു. കോറോത്ത് മുഹമ്മദ് മൗലവി പ്രാര്‍ഥനയും ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി എസ് എം ഹുസൈന്‍ നന്ദിയും പറഞ്ഞു.

