
ന്യൂഡല്‍ഹി: ഗോധ്ര കലാപം അന്വേഷിച്ച സുപ്രിം കോടതി ജഡ്ജിയുടെ മകന് കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടന്ന് സുപ്രിം കോടതി കൊളീജിയം കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിയ നിയമിച്ചു. സുപ്രിം കോടതി മുന്‍ ജഡ്ജ് യു സി ബാനര്‍ജിയുടെ മകന്‍ അഡ്വ. അമിതേഷ് ബാനര്‍ജി ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര നിയമന സമിതി ഹൈക്കോടതികളില്‍ ജഡ്ജിമാരായി ഉയര്‍ത്തിയത്.


2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിലെ തീ പിടുത്തവും വര്‍ഗ്ഗീയ കലാപവും അന്വേഷിച്ച പാനലിന് ജസ്റ്റിസ് ബാനര്‍ജിയാണ് നേതൃത്വം നല്കിയത്. 2004ല്‍ യു പി എ സര്‍ക്കാരാണ് പാനലിന് രൂപം നല്കിയത്. പാനലിന്റെ റിപ്പോര്‍ട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് തിരിച്ചടിയായിരുന്നു. തീവണ്ടി യാത്ര ചെയ്ത കര്‍സേവകരെ ദ്രോഹിക്കാന്‍ മനഃപൂര്‍വ്വം തീവെച്ചുവെന്ന സര്‍ക്കാര്‍ വാദങ്ങളെ പാനല്‍ എതിര്‍ത്തിരുന്നു. തീ പിടുത്തം ആകസ്മികമായി സംഭവിച്ചതാണെന്നായിരുന്നു പാനലിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ കണ്ടെത്തലുകളെ ഗുജറാത്ത് ഹൈക്കോടതി നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

