

തിരുവനന്തപുരം: മാനവിക സമൂഹത്തെ ഏകീകരിക്കുന്നതിനും വിശ്വ സാംസ്‌കാരിക ഉണര്‍വിനും ആധാരമായി നിലകൊള്ളുന്ന ഭാഷയാണ് അറബിയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) തിരുവനന്തപുരത്ത് പുതുതായി നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബിഭാഷാ അഭ്യസനം ഒരു ഭാഷ എന്നതിലപ്പുറം മഹത്തായ സംസ്‌കാരത്തിന്റെ വിനിമയം കൂടിയാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ അറബി പഠനം സാര്‍വത്രികരലക്കുന്നതിന് പൊതുസമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സിറാജ് മദനി, എസ് നിഹാസ്, അനസ് എം അഷ്‌റഫ്, സംസ്ഥാന അറബി സ്‌പെഷ്യല്‍ ഓഫീസര്‍ ടി പി ഹാരിസ്, അബ്ദുല്‍ മജീദ്, മുനീര്‍ കിളിമാനൂര്‍, ലൈല ബീവി, സംഗീത റോബര്‍ട്ട്, മുന്‍ സംസ്ഥാന നേതാക്കളായ എം ഇമാമുദ്ദീന്‍, ഇടവം ഖാലിദ്, കണിയാപുരം ഹലീം, അഡ്വ. സുല്‍ഫിക്കര്‍, സലാം തോന്നയ്ക്കല്‍, ജമാല്‍, ഷെഫീര്‍ എന്നിവര്‍ സംസാരിച്ചു.

