

കൊച്ചി: കളമശ്ശേരിയില്‍ എറണാകുളം മെഡിക്കല്‍ കോളജിന് സമീപം കിന്‍ഫ്രാ പാര്‍ക്കിലെ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍. ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്, കൂടൂസ് മണ്ഡല്, നൗജ്ഷ് മണ്ഡല്, നൂര്‍ അമീന് മണ്ഡല് എന്നിവരാണ് മരിച്ചത്. മുഹമ്മദ് നൂറുല്ലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ഏഴുപേരാണ് മണ്ണിടിച്ചിലില്‍ പെട്ടതെന്നാണ് കരുതുന്നത്. അവരില്‍ ആറുപേരെ പുറത്തെടുത്തു. ഒരാളെ കണ്ടെത്തിയിട്ടില്ല.
പരിക്കേറ്റവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അടിത്തറ പണിയാന്‍ മണ്ണ് നീക്കവെ മുകളില്‍ നിന്നും മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
അപകടം നടന്ന ഉടനെ രണ്ട് പേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലു പേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സും നാട്ടുകാരും ഉള്‍പ്പെടെ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

