

ആലപ്പുഴ: ഖത്തര്‍ നമ്പറില്‍ നിന്നും തുടര്‍ച്ചയായി വീഡിയോ കോളില്‍ അശ്ലീല ദൃശ്യങ്ങള്‍ വന്നതോടെ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു കായംകുളം ഡി വൈ എസ് പിക്ക് പരാതി നല്‍കി.

വിളിക്കുന്നത് ആരാണെന്ന് ചോദിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും കോളുകള്‍ തുടരുകയായിരുന്നുവെന്നുമാണ് അരിത ബാബു പരാതിയില്‍ പറയുന്നത്. വിളിക്കുന്ന ആളുടെ മുഖം വ്യക്തമാകാത്ത വിധത്തില്‍ ക്യാമറ മറച്ചാണ് വീഡിയോ കോളുകള്‍ വന്നത്. സുഹൃത്തുക്കളുടെ ഫോണില്‍ നിന്നും തിരികെ വിളിച്ചപ്പോള്‍ മുഖം വ്യക്തമായി കണ്ടതായും അരിത പറയുന്നു. ലഭിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അരിത പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

ഇതേ ദൃശ്യങ്ങള്‍ അരിത ഫേസ്ബുക്കിലും പങ്കുവെച്ചു. ആരേയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്റെ സ്വകാര്യതയില്‍ കടന്നു കയറി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
