ഡല്‍ഹിയില്‍ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: ബഹ്റൈന്‍ പ്രതിഭ

Web Desk
1 Min Read

മനാമ: ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ജനാധിപത്യ സംരക്ഷണത്തിനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പ്രമുഖ ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും കേന്ദ്ര പൊലീസ് അറസ്റ്റ് ചെയ്ത നടപടിയില്‍ ബഹ്റൈന്‍ പ്രതിഭ പ്രതിഷേധം രേഖപ്പെടുത്തി.

city exchange

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. അധികാരം ഉപയോഗിച്ച് എതിര്‍സ്വരങ്ങളെ നിശ്ശബ്ദമാക്കാമെന്നത് ജനാധിപത്യ ഭരണസംവിധാനത്തിന് തികച്ചും വിരുദ്ധമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ- വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ വോട്ടര്‍പട്ടികയില്‍ വരുത്തിയ ക്രമക്കേടുകള്‍, അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കല്‍ തുടങ്ങിയ ഗുരുതരമായ വിഷയങ്ങളില്‍ രാജ്യത്തുടനീളം വലിയ ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സുതാര്യതയും ഉറപ്പുവരുത്തേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.

ഇത്തരം വഞ്ചനാപരമായ നടപടികള്‍ക്കെതിരെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകള്‍ നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്.

- Advertisement -
Ad image

ഭരണകൂടത്തോട് വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്തും പ്രതിഷേധങ്ങളെ വിലക്കിയും ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ കരുത്ത് എതിര്‍സ്വരങ്ങളെ കേള്‍ക്കുകയും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിലാണ്. ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പിന്തിരിപ്പിക്കാന്‍ ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കാവില്ല.

ജന്തര്‍ മന്തറില്‍ നടന്ന ജനാധിപത്യവിരുദ്ധമായ അറസ്റ്റുകളെ ശക്തമായി അപലപിക്കുന്നതോടൊപ്പം പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്നും ബഹ്റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി വി കെ സുലേഷും പ്രസിഡണ്ട് കെ വി മഹേഷും വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!