ഖത്തര്‍ ഔദ്യോഗിക ഗസറ്റിന് പുതിയ വെബ്‌സൈറ്റ്; നിയമ പോര്‍ട്ടല്‍ അല്‍ മീസാനും നവീകരിച്ചു

Web Desk
5 Min Read

ദോഹ: ഖത്തറിന്റെ ഔദ്യോഗിക ഗസറ്റിന്റെ പുതിയ വെബ്‌സൈറ്റും രാജ്യത്തെ നിയമ പോര്‍ട്ടലായ അല്‍ മീസാനും നീതിന്യായ മന്ത്രിയും മന്ത്രിസഭാകാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ദേശീയ ദര്‍ശനം 2030-നും രാജ്യത്തിന്റെ ഡിജിറ്റല്‍ വികസന ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി സമഗ്രമായ ദേശീയ നിയമ വിജ്ഞാന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ അവതരിപ്പിച്ചത്.

city exchange

നിയമ പ്രസിദ്ധീകരണ മേഖലയിലും ഖത്തറിലെ നിയമവിവരങ്ങളുടെ ഡിജിറ്റല്‍ ലഭ്യതയിലും സുപ്രധാന മുന്നേറ്റമാണ് പുതിയ സംവിധാനങ്ങളെന്ന് മന്ത്രാലയം അറിയിച്ചു. ആധികാരിക നിയമപാഠങ്ങള്‍, രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കുന്ന സംവിധാനങ്ങള്‍, എളുപ്പത്തിലുള്ള തിരച്ചില്‍ സൗകര്യങ്ങള്‍, മെച്ചപ്പെട്ട വര്‍ഗീകരണം എന്നിവ സംയോജിപ്പിച്ചാണ് പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിച്ചിരിക്കുന്നത്. കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്കു വിധേയമായി നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യയും ഇതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ദീര്‍ഘവീക്ഷണവും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനിയുടെ നിര്‍ദേശങ്ങളും പദ്ധതിക്ക് പ്രചോദനമായെന്ന് ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

2024- 030 കാലയളവിലെ ഖത്തറിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെയും ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെയും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ പദ്ധതിക്ക് നിര്‍ണായക പങ്കുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമ- നീതിന്യായ സ്ഥാപനങ്ങള്‍ തമ്മിലുള്ള ദേശീയ പങ്കാളിത്തത്തിന്റെയും ഏകോപനത്തിന്റെയും മാതൃക കൂടിയാണിത്.

- Advertisement -
Ad image

രണ്ട് വെബ്‌സൈറ്റുകള്‍ നവീകരിക്കുന്നതില്‍ മാത്രം പദ്ധതി ഒതുങ്ങുന്നില്ലെന്നും നിയമ വിജ്ഞാനത്തിനായി സമഗ്രമായ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനുള്ള തന്ത്രപ്രധാനമായ ചുവടുവയ്പ്പാണിതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായ സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും നൂതന ഡിജിറ്റല്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെട്ടതും മത്സരക്ഷമവുമായ നിയമ- നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ടത് ആരംഭിച്ച ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സേവനങ്ങളുടെ വിശ്വാസ്യത, ഉപയോക്തൃസൗഹൃദം, സര്‍ക്കാര്‍ വിവരങ്ങളുടെ ലഭ്യത, സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം, പൊതുജന പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുക, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പദ്ധതി സഹായിക്കും. ദേശീയ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അറിവും അവയുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനവും ഉറപ്പാക്കുന്ന വിശ്വാസ്യതയുള്ള സമഗ്ര പ്രസിദ്ധീകരണ സംവിധാനമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഖത്തറിലെ നിയമനിര്‍മാണങ്ങളുടെ ഔദ്യോഗികവും ആധികാരികവുമായ സ്രോതസ്സ് എന്ന നിലയില്‍ ഔദ്യോഗിക ഗസറ്റിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ വെബ്‌സൈറ്റ്. ഔദ്യോഗിക നിയമപാഠങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം നിയമഭേദഗതികള്‍ നിരീക്ഷിക്കാനും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനും പുതിയ സംവിധാനം സഹായിക്കും.

പ്രസിദ്ധീകരണ നടപടികള്‍, രേഖകളുടെ ആധികാരികത ഉറപ്പാക്കല്‍, അനുബന്ധ നിയന്ത്രണങ്ങള്‍ എന്നിവയ്ക്കായി ക്രമബദ്ധമായ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റുമായി ബന്ധപ്പെട്ട 2016-ലെ 12-ാം നമ്പര്‍ നിയമത്തിന്റെ ചട്ടക്കൂടില്‍, നീതിന്യായ മന്ത്രിയുടെ 2026-ലെ 129-ാം നമ്പര്‍ തീരുമാനപ്രകാരമാണ് പ്രസിദ്ധീകരണ നടപടിക്രമങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഇലക്ട്രോണിക് പതിപ്പിനും ഔദ്യോഗികമായി അംഗീകരിച്ച നിയമരേഖയുടെ പ്രാമാണികത ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിയമനിര്‍മാണങ്ങള്‍, കോടതി വിധികള്‍, നിയമാഭിപ്രായങ്ങള്‍, കരാറുകള്‍ എന്നിവ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതാണ് നവീകരിച്ച അല്‍ മീസാന്‍ പോര്‍ട്ടലിന്റെ പ്രധാന സവിശേഷത. നിയമത്തിന്റെ പാഠം പരിശോധിക്കുന്നതിനൊപ്പം അതിന്റെ പശ്ചാത്തലവും പ്രായോഗിക പ്രയോഗങ്ങളും മനസ്സിലാക്കാനും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.

നിലവില്‍ 9,659-ലധികം നിയമരേഖകളും 3,758 കോടതി വിധികളും 709 കരാറുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ വെബ്‌സൈറ്റുകളും പോര്‍ട്ടലും സജ്ജീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാനാകുന്ന പ്രവേശനക്ഷമതാ മാനദണ്ഡങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമവിവരങ്ങള്‍ കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും പുതിയ സംവിധാനങ്ങള്‍ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ ഗവേഷണവും വിവരശേഖരണവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആധുനിക സാങ്കേതികവിദ്യകളും നിര്‍മിതബുദ്ധിയും ഉപയോഗിക്കുമെങ്കിലും ഔദ്യോഗികമായി അംഗീകരിച്ച നിയമപാഠങ്ങള്‍ തന്നെയായിരിക്കും അന്തിമ ആധികാരിക സ്രോതസ്സ്. സാങ്കേതികവിദ്യ നിയമത്തിലേക്കുള്ള വഴികാട്ടിയാണ്, നിയമത്തിന് പകരമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമനിര്‍മാണ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള അംഗീകൃത സംവിധാനമായും അല്‍ മീസാന്‍ പ്രവര്‍ത്തിക്കും. മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റുമായി ഏകോപിപ്പിച്ച് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിക്കുന്ന കരട് നിയമങ്ങളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ വഴി സാധിക്കും. നിലവിലുള്ള നിയമരേഖകളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം.

സര്‍ക്കാര്‍ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും മാറിവരുന്ന സാമൂഹിക- സാമ്പത്തിക ആവശ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.

ഖത്തറിന്റെ വ്യാപാര- നിക്ഷേപ മേഖലയ്ക്കും പുതിയ ഡിജിറ്റല്‍ നിയമസംവിധാനം ഗുണകരമാകുമെന്ന് നീതിന്യായ മന്ത്രാലയം വിലയിരുത്തി. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ക്ക് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്ന വിവരങ്ങളും സുതാര്യമായ നടപടിക്രമങ്ങളും, നിയമപരമായ ആവശ്യകതകള്‍ വേഗത്തില്‍ പരിശോധിക്കാനുള്ള സൗകര്യവും അനിവാര്യമാണ്.

നിയമ വിജ്ഞാനത്തിനായുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ നിയമപരമായ വ്യക്തതയും സുതാര്യതയും വര്‍ധിപ്പിക്കാനും ബന്ധപ്പെട്ട വിവരങ്ങളും നിയമങ്ങളും കണ്ടെത്താന്‍ ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കാനും സാധിക്കും. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഖത്തറിനെ ഗുണമേന്മയുള്ള നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ കേന്ദ്രമാക്കുകയും ചെയ്യും.

അറബിയിലും ഇംഗ്ലീഷിലും നിയമവിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്നത് നിക്ഷേപകര്‍ക്ക് പ്രത്യേക പ്രയോജനം നല്‍കും. നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുന്ന ഘട്ടം മുതല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും നടത്തുന്നതും വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ഖത്തറിന്റെ നിയമ- നിയന്ത്രണ ചട്ടക്കൂട് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

നീതിന്യായ മന്ത്രാലയം, സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍, വാര്‍ത്താവിനിമയ- വിവരസാങ്കേതിക മന്ത്രാലയം, ദേശീയ ആസൂത്രണ കൗണ്‍സില്‍, സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ, മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റ് എന്നിവയുടെയും നീതിന്യായ മന്ത്രാലയത്തിന്റെ തന്ത്രപ്രധാന പങ്കാളികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മന്ത്രാലയത്തിന്റെ 2025- 2030 തന്ത്രപരിപാടിയുടെ ഭാഗമായാണ് ഈ സംരംഭം വികസിപ്പിച്ചിരിക്കുന്നത്.

ഖത്തറിന്റെ സാമ്പത്തിക മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ ഡിജിറ്റല്‍ നിയമസംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

വെബ്‌സൈറ്റുകള്‍: www.officialgazette.gov.qa | www.almeezan.qa

Share This Article
Leave a Comment
error: Content is protected !!