
ദോഹ: ആവര്‍ത്തിച്ചുള്ള ഇന്‍ട്രാവീനസ് ചികിത്സ (സിരയിലൂടെ നല്കുന്ന ചികിത്സ) ആവശ്യമായ കാന്‍സര്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണവും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച് എം സി) ഹമദ് ജനറല്‍ ആശുപത്രിയില്‍ (എച്ച് ജി എച്ച്) പ്രത്യേക ക്ലിനിക് ആരംഭിച്ചു. ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതിയും ചികിത്സാ പദ്ധതിയും വിലയിരുത്തി ഏറ്റവും അനുയോജ്യമായ ചികിത്സാ മാര്‍ഗം നിര്‍ണയിക്കുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം.

നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് (എന്‍ സി സി സി ആര്) ഓങ്കോളജി വിഭാഗത്തിലെയും ഹമദ് ജനറല്‍ ആശുപത്രിയിലെ വാസ്കുലാര്‍ സര്‍ജറി വിഭാഗത്തിലെയും വിദഗ്ധ സംഘങ്ങളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് സിരയിലൂടെ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സമഗ്രമായി വിലയിരുത്താനും ചികിത്സയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ ആസൂത്രണവും തുടര്‍പരിചരണവും ഉറപ്പാക്കാനും ഈ സംയോജിത സംവിധാനം സഹായിക്കും.

കാന്‍സര്‍ ചികിത്സയുടെ ഭാഗമായി നിരവധി രോഗികള്‍ക്ക് മരുന്നുകളും മറ്റ് ചികിത്സകളും ആവര്‍ത്തിച്ച് സിരയിലൂടെ നല്കേണ്ടിവരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് ദീര്‍ഘകാലം തുടര്‍ച്ചയായി ചികിത്സ തേടേണ്ടിവരുമ്പോള്‍, സിരയിലൂടെ മരുന്നുകള്‍ നല്കുന്നതിനാവശ്യമായ പ്രവേശനമാര്‍ഗം കണ്ടെത്തുന്നതിനും അത് നിലനിര്‍ത്തുന്നതിനും ചില രോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം.
ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന രോഗികളുടെ ആരോഗ്യസ്ഥിതിയും സ്വീകരിക്കുന്ന ചികിത്സയുടെ സ്വഭാവവും ക്ലിനിക്കില്‍ വിശദമായി വിലയിരുത്തും. ഓരോ രോഗിക്കും അനുയോജ്യമായ മാര്‍ഗം നിര്‍ണയിക്കുന്നതിലൂടെ ചികിത്സയ്ക്കിടയിലെ അനാവശ്യ കാലതാമസവും പ്രയാസങ്ങളും ഒഴിവാക്കാനും ആവശ്യമായ പരിചരണം മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും സാധിക്കും.
ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ കാന്‍സര്‍ രോഗികള്‍ക്കുണ്ടാകുന്ന വ്യത്യസ്ത ആവശ്യങ്ങള്‍ പരിഗണിച്ച് പരിചരണ സേവനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ചികിത്സയ്ക്കിടെ നിരവധി രോഗികള്‍ നേരിടുന്ന നിര്‍ണായകമായ ഒരു വെല്ലുവിളിക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രത്യേക ക്ലിനിക്കിന്റെ ആരംഭമെന്നും എന്‍ സി സി സി ആര് മെഡിക്കല്‍ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എച്ച് എം സിയിലെ കാന്‍സര്‍ സേവനങ്ങളുടെ മേധാവിയുമായ ഡോ. മുഹമ്മദ് സാലിം അല്‍ ഹസ്സന് പറഞ്ഞു.
ചില കാന്‍സര്‍ രോഗികള്‍ക്ക് ദീര്‍ഘകാലത്തേക്ക് സിരയിലൂടെ ചികിത്സ ആവശ്യമായി വരുമെന്നും ചികിത്സ പുരോഗമിക്കുന്നതിനനുസരിച്ച് അവരുടെ ആവശ്യങ്ങളിലും മാറ്റങ്ങളുണ്ടാകാമെന്നതിനാല് ഇത്തരം ആവശ്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ വിലയിരുത്താനും ചികിത്സാ പദ്ധതിയുടെ ഭാഗമായി പരിഹരിക്കാനും ക്ലിനിക്കിലൂടെ സാധിക്കുമെന്നും ഇത് ചികിത്സ കൂടുതല്‍ സുഗമമാക്കുന്നതിനും ഇടയില്‍ ഉയര്‍ന്നുവരാവുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുമെന്നും എന്‍ സി സി സിആറിലെ ഓങ്കോളജി, പാലിയേറ്റീവ് കെയര്‍, അടിയന്തര പരിചരണ സേവനങ്ങളുടെ മേധാവി ഡോ. അല്‍ ഹാരിസ് അല്‍ ഖാത്തര്‍ പറഞ്ഞു.

