

കാക്കനാട്: കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ യുവതി യുവാക്കള്‍ എന്നിവര്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയിരുന്ന പ്രധാനി പിടിയില്‍. കാക്കനാട് അത്താണി സ്വദേശി വലിയപറമ്പല്‍ വീട്ടില്‍ സുനീര്‍ വി എ (34) ആണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇന്റലിജന്‍സ്, മാമല എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള അത്യന്തം വിനാശകാരിയായ 34.5 ഗ്രാം മെത്താംഫിറ്റാമിന്‍ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാടിനായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ പക്കല്‍ നിന്ന് തീരെ ചെറിയ സിപ് ലോക്ക് കവറുകളില്‍ വിവിധ അളവുകളില്‍ അടക്കം ചെയ്ത നിലയിലാണ് മയക്കുമരുന്നുകള്‍ കണ്ടെടുത്തത്.

കൂടുതല്‍ സമയം ഉന്മേഷത്തോടെ ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതി യുവാക്കളെ ഇയാള്‍ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ച് ഇയാള്‍ തന്നെ ആവശ്യക്കാര്‍ക്ക് നേരിട്ട് വില്‍പ്പന നടത്തി വരികയായിരുന്നു.
പിടിക്കപ്പെടാതിരിക്കാനാണ് മയക്ക് മരുന്ന് ഇടപാട് ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍പ്പന നടത്തിയിരുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ ബാംഗ്ലൂര്‍ സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണ്ണാടക പൊലീസ് പിടികൂടിയിരുന്നു. അതേ തുടര്‍ന്ന് ബാംഗ്ലൂരില്‍ ജയിലിലായിരുന്നെങ്കിലും ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.
ബ്ലാംഗ്ലൂര്‍ ജയില്‍ വച്ച് പരിചയപ്പെട്ട കര്‍ണ്ണാടക സ്വദേശിയില്‍ നിന്നാണ് ഇയാള്‍ വന്‍ തോതില്‍ മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് എന്നാണ് ഇയാളുടെ മൊഴി. നേരത്തെ എറണാകുളം കലൂരിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇയാള്‍ അടക്കം മൂന്ന് പേരെ പൊലീസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു.
ബാംഗ്ലൂരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് കൊച്ചി കാക്കനാട് കേന്ദ്രമാക്കി വില്‍പ്പന നടത്തുന്നയാളെ കുറിച്ചുള്ള രഹസ്യ വിവരം നേരത്തെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ടീമിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തലവന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി അനികുമാറിന്റെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക ടീം ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഭാഗത്ത് ഇയാള്‍ മയക്ക് മരുന്ന് കൈമാറുന്നതിന് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ എക്സൈസ് സംഘം ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കണ്ടെത്തുകയും തുടര്‍ന്ന് പിന്തുടര്ന്ന് വളയുകയായിരുന്നു.
പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ഇയാള്‍ ടൂവിലര്‍ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിടി കൂടി. ബാംഗ്ലൂരില്‍ നിന്ന് ഗ്രാമിന് 800 രൂപക്ക് വാങ്ങുന്ന മയക്കുമരുന്ന് 3000 മുതല്‍ 5000 രൂപ വരെയുള്ള നിരക്കില്‍ വില്‍പ്പന നടത്തി വരുകയായിരുന്നു.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തലവന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി അനികുമാര്‍, മാമല റേഞ്ച് ഇന്‍സ്പെക്ടര്‍ കലാധരന്‍ വി, സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, മാമല റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സാബു വര്‍ഗ്ഗീസ്, പി ജി ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി എന്‍ ശശി, അനില്‍ കുമാര്‍, റസീന, എ ബി സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

