

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയ്ക്ക് നേരെ ബാഗ്ദാദില്‍ വധശ്രമം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഖാദിമിയുടെ വസതിയ്ക്ക് നേരെ വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ സേനയിലെ ആറുപേര്‍ക്ക് പരിക്കേറ്റെങ്കിലും ഖാദിമി രക്ഷപ്പെട്ടു. ഖാദിമി പരിക്കേറ്റ് ആശുപത്രിയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നെങ്കിലും അക്കാര്യങ്ങള്‍ നിഷേധിക്കപ്പെട്ടു.

ഞായറാഴ്ച രാവിലെയായിരുന്നു പ്രധാനമന്ത്രിയുടെ ബാഗ്ദാദിലെ ‘ഗ്രീന്‍ സോണി’ലെ വസതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാഖി സൈന്യമാണ് വധശ്രമ വിവരം അറിയിച്ചത്. ആളുകള്‍ പരിഭ്രാന്തരാകരുതെന്നും സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അമേരിക്ക അപലപിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കാമെന്ന് യു എസ് വാഗ്ദാനം നല്കി. ഭീകരവാദ പ്രവര്‍ത്തനമാണ് നടന്നതെന്നും ഇതിനെ അപലപിക്കുന്നതായും ആക്രമണം ഇറാഖിന്റെ ഹൃദയത്തെയാണ് ഉന്നം വെച്ചതെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ സംഘടനകള്‍ ബാഗ്ദാദില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പ്രകടനം നടത്തുന്നുണ്ട്. 2020 മെയ് മാസത്തിലാണ്‌യിലാണ് മുസ്തഫ അല്‍ ഖാദിമി ഇറാഖിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

