

ട്രിപ്പോളി: ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് അല്‍ ദ്ബീബയ്ക്ക് നേരെ വധശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമികള്‍ പ്രധാനമന്ത്രിയുടെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് പരിക്കേറ്റില്ല. സര്‍ക്കാര്‍ നിയന്ത്രണത്തെ ചൊല്ലി കടുത്ത തര്‍ക്കം നടക്കുന്നതിന്റെ അലയൊലികളാണ് വധശ്രമമെന്നാണ് കരുതുന്നത്.

വീട്ടിലേക്ക് മടങ്ങുകയായിരുന്ന വഴിയിലാണ് പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടതെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. കൊലപാതക ശ്രമത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രിക്കു നേരെയുള്ള വധശ്രമം ലിബിയന്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രതിസന്ധി വഷളാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2011ല്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി വധിക്കപ്പെട്ടതിന് ശേഷം ലിബിയയില്‍ സ്ഥിരതയോ സമാധാനമോ ഉണ്ടായിട്ടില്ല.

