
അബൂദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു എ ഇ സന്ദര്‍ശനത്തില്‍ അഞ്ഞൂറ് കോടി ഡോളറിന്റെ (42,000 കോടി രൂപ) നിക്ഷേപ പ്രഖ്യാപനം. ഇന്ത്യന്‍ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ബാങ്കിങ് രംഗത്തിനുമായാണ് യു എ ഇ ഈ തുക അനുവദിക്കുക.

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സുപ്രധാന ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്.

ആര്‍ ബി എല്‍ ബാങ്ക്, സമ്മാന്‍ ക്യാപിറ്റല്‍ എന്നിവയിലും ഇന്ത്യന്‍ അടിസ്ഥാന സൗകര്യ വികസന മേഖലയിലുമാണ് യു എ ഇ പ്രധാനമായും നിക്ഷേപം നടത്തുക. ഇതിനുപുറമെ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍ പി ജി) വിതരണം ചെയ്യുന്നതിനും സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് സംബന്ധിച്ചുമുള്ള പുതിയ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.
ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍ പി ജി), സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വുകള്‍ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ വലിയ നിക്ഷേപ സ്രോതസ്സുമാണ് യു എ ഇ. യു എ ഇ സന്ദര്‍ശനത്തിനു പിന്നാലെ നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളും മോഡി സന്ദര്‍ശിക്കും.
ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അത്യപൂര്‍വമായ സ്വീകരണമാണ് യു എ ഇ ഒരുക്കിയത്. നരേന്ദ്ര മോഡി സഞ്ചരിച്ച പ്രത്യേക വിമാനം യു എ ഇ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ എഫ് 16 പോര്‍വിമാനങ്ങളാണ് അകമ്പടി സേവിച്ചത്. അബുദാബി വിമാനത്താവളം വരെ യു എ ഇ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ സുരക്ഷാ വലയമൊരുക്കി.
അബുദാബി വിമാനത്താവളത്തില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോഡി സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.
യു എ ഇ വ്യോമസേന നല്‍കിയ അകമ്പടി ഇന്ത്യയിലെ ജനങ്ങളോടുള്ള ആദരവിന്റെ പ്രതീകമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായുള്ള കൂടിക്കാഴ്ചയില്‍ മോഡി പറഞ്ഞു.

